മോദി നയിക്കുന്നത് ദുരന്തത്തിലേക്കെന്ന് രാഹുല്‍

0
44

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീണ്ടും രംഗത്തെത്തി. തൊഴിലില്ലായ്മ വര്‍ധിക്കുന്ന രാജ്യം നേരിടുന്നത് മോദി സൃഷ്ടിച്ച ദുരന്തമാണെന്ന് രാഹുല്‍ ആരോപിച്ചു. മൂന്ന് വര്‍ഷത്തെ എന്‍.ഡി.എ ഭരണംമൂലം രാജ്യത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം അസ്തമിച്ചു. താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നോക്കിക്കണ്ട് ലോകം ചിരിക്കുകയാണ്. വിരിഞ്ഞ നെഞ്ചും ചെറിയ ഹൃദയവുമുളള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ പണവും കള്ളപ്പണമല്ലെന്നകാര്യം പ്രധാനമന്ത്രി മറക്കുന്നു.

നോട്ട് നിരോധനത്തിന്റെ ചരമവാര്‍ഷികമാണ് നവംബര്‍ എട്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇരട്ട പ്രഹരമാണ് മോദി നല്‍കിയിരിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ ജി.എസ്.ടിമൂലം ദുരിതം അനുഭവിക്കുകയാണ്. ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ്. എന്നാല്‍ ‘ഷട്ടപ്പ് ഇന്ത്യ’ നല്ലതല്ല. ചൈന പ്രതിദിനം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇതേസമയം ഇന്ത്യയില്‍ പ്രതിദിനം 458 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.