യോഗി ആദിത്യനാഥ് ഇന്ന് താജ് മഹല്‍ സന്ദര്‍ശിക്കും

0
78


ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. ആഗ്രയിലെ വിനോദസഞ്ചാര പദ്ധതികള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി താജ്മഹല്‍ തുടരുന്നതിന്നിടെയാണ് യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം.

കഴിഞ്ഞ മാസം യുപി സര്‍ക്കാര്‍ പുറത്തിറക്കിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രികൂടിയാണ് യോഗി ആദിത്യനാഥ്.

താജ്മഹലിലെത്തുന്ന ആദിത്യനാഥ് ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും മുംതാസിന്റെയും ശവകുടീരങ്ങളും സന്ദര്‍ശിക്കും. 370 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

താജ്മഹലിന് ഇന്ത്യയുടെ ചരിത്രത്തില്‍ സ്ഥാനവുമില്ലെന്നും സ്വന്തം പിതാവിനെ തുറുങ്കിലടച്ചയാളാണ് ഷാജഹാന്‍ ചക്രവര്‍ത്തിയെന്ന പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സംഗീത് സോമും , താജ് മഹല്‍ ഒരു ഖബറിടമാണെന്നും അതുകൊണ്ട് താജ് മഹലിന്റെ രൂപങ്ങള്‍ വീടുകളില്‍ സൂക്ഷിക്കരുതെന്നുമുള്ള വാദവുമായി ബിജെപിയുടെ ഹരിയാനയിലെ ആരോഗ്യ മന്ത്രി അനില്‍ വിജുവും രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവനകളാണ് താജ്മഹലിനെ വിവാദങ്ങളുടെ കേന്ദ്രബിന്ദുവാക്കിയത്.