ചാലക്കുടി രാജീവ് വധക്കേസുമായി ബന്ധപ്പെട്ട് അഡ്വ.സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി. ജാമ്യാപേക്ഷയിന്മേല് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായി. കേസില്‍ ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുക്കണമെന്നും വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ വിളി രേഖകള്‍ ഗൂഢാലോചനയില്‍ ഉദയഭാനുവിന്റെ പങ്ക് വ്യക്തമാക്കുന്നതായി പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. രാജീവിനെ കൊലപ്പെടുത്തിയ ദിവസം ആലപ്പുഴയില്‍ വൈകിട്ട് നാലരയ്ക്ക് അഡ്വ.ഉദയഭാനുവും രണ്ടു പ്രതികളും ഒരേ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
ജസ്റ്റിസ് എ.ഹരിപ്രസാദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. രാജീവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ ബോധപൂര്‍വം കുടുക്കാനാണ് പൊലീസിന്റെ ശ്രമമെന്നുമാണ് ഉദയഭാനുവിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചത്.
പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റുകയായിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.