രാഷ്ട്രീയക്കാര്‍ നമ്പി നാരായണനെ ബലിയാടാക്കി മാറ്റിയെന്ന് ശശി തരൂര്‍ എംപി

0
132

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ നമ്പി നാരായണനെ ബലിയാടാക്കിമാറ്റിയെന്നു ശശി തരൂര്‍ എംപി. രാഷ്ട്രീയക്കാരിലും-ശാസ്ത്രജ്ഞര്‍ക്കുമിടയില്‍ നിലനിന്ന പ്രശ്നങ്ങള്‍ക്കിടയില്‍ നമ്പി നാരായണന്‍ അകപ്പെടുകയായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് രണ്ടര പതിറ്റാണ്ടിനു ശേഷം നമ്പി നാരായണന്‍ രചിച്ച ഓര്‍മ്മക്കുറിപ്പ്  ഓര്‍മ്മകളുടെ ബ്രഹ്മണപഥം പ്രകാശനം ചെയ്യുകയായിരുന്നു ശശി തരൂര്‍.

ഐഎസ്ആര്‍ഒ കേസില്‍ നമ്പി നാരായണന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 1994 ലാണ്. അത് ഒരു തരത്തില്‍ നമ്പി നാരായണന് ആശ്വാസകരമായിരുന്നു. കാരണം അന്ന് ദൃശ്യമാധ്യമങ്ങളുടെ പ്രളയം ഉണ്ടായിരുന്നില്ല. ഇന്നാണ് നമ്പി നാരായണന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതെങ്കില്‍ അത് അദ്ദേഹത്തിനു ഭയാനകമായ അനുഭവമാകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

നമ്പി നാരായണന്റെ കാര്യത്തില്‍ എംപിയെന്ന നിലയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ആദ്യം നമ്പിനാരായണന്‍ കയറി വന്നപ്പോള്‍ പെന്‍ഷന്‍ കാര്യം എന്തെങ്കിലും ശരിയാക്കാന്‍ ആയിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എനിക്ക് നമ്പി നാരായണനെ തിരിച്ചറിയാന്‍ ആദ്യ കാഴ്ച യില്‍ കഴിഞ്ഞില്ലെന്നും തരൂര്‍ പറഞ്ഞു.

നിഷേധിക്കപ്പെട്ട നീതിയുടെ കാര്യത്തില്‍ നമ്പി നാരായണന്‍ സമൂഹത്തിനു മുന്നില്‍ ഇന്നു ചോദ്യചിഹ്നമായി നില്‍ക്കുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴാണ് ആ പ്രശസ്തിയെ ബാധിക്കും വിധം ഐഎസ്ആര്‍ഒ ചാരക്കേസ് പൊങ്ങി വന്നത്. അതില്‍ ഏറ്റവും വേദനാജനകമായ അനുഭവമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നത് നമ്പി നാരായണനാണ്.

കടുത്ത പീഡനങ്ങളാണ് പൊലീസ് കസ്റ്റഡിയില്‍ നമ്പി നാരായണന് അനുഭവിക്കേണ്ടിവന്നത്. അദ്ദേഹം രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെട്ടു. പാക് ബന്ധം ആരോപിക്കപ്പെട്ടു. എല്ലാം അപവാദ പ്രചാരണങ്ങള്‍ ആയിരുന്നെങ്കിലും ഐഎസ്ആര്‍ഒയുടെ ഖ്യാതിക്ക് ഇത്തരം സംഭവങ്ങള്‍ തിരിച്ചടിയായി മാറിയിരുന്നു. കരിയറിസ്റ്റുകളായ മാധ്യമ പ്രവര്‍ത്തകര്‍ക്കും വേട്ടയാടുന്ന പോലീസുകാര്‍ക്കുമുള്ള മുന്നറിയിപ്പാണ് നമ്പി നാരായണന്റെ പുസ്തകം. നമ്പി നാരായണന് നീതി ലഭിക്കാത്ത കാര്യത്തില്‍ ഇന്ത്യ ഇന്നു ലജ്ജിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് മറുപടി പ്രസംഗത്തില്‍ നമ്പി നാരായണന്‍ പറഞ്ഞു. ആ കേസിന് പിന്നില്‍ ആരാണെന്നും, എന്താണ് അവര്‍ക്കുള്ള പ്രേരണയെന്നും ഇന്നും വെളിയില്‍ വന്നിട്ടില്ല. എനിക്ക് തോന്നുന്നത് ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ ഇന്ത്യയ്ക്ക് വെളിയില്‍ ഉള്ളവരാണെന്നാണ്. ഈ കേസില്‍ എന്നെ ഒട്ടനവധി ആളുകള്‍ കുറ്റക്കാരായി കണ്ടു. മാധ്യമപ്രവര്‍ത്തകര്‍ വിഡ്ഢിത്തമെഴുതി. ഈ കേസില്‍ പുതിയ അന്വേഷണം വരണം. അതിനു എംപിയെന്ന നിലയില്‍ ശശി തരൂര്‍ മുന്‍കൈയെടുക്കണം. നമ്പി നാരായണന്‍ ആവശ്യപ്പെട്ടു.

ഐഎസ്ആര്‍ഒ ചാരക്കേസ് വന്നപ്പോള്‍ ഗ്രാഹ്യമില്ലായ്മ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടിയെന്ന് ചടങ്ങില്‍ സംസാരിച്ച ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍ പറഞ്ഞു. തെറ്റായ കഥകള്‍ മാധ്യമങ്ങള്‍ ഉപ്പ് കൂടാതെ വിഴുങ്ങിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തിന്‌ വളരെയധികം സംഭാവനകള്‍ നല്‍കിയ വലിയ ശാസ്ത്രജ്ഞനെ നമ്മള്‍ രാജ്യദ്രോഹിയാക്കിമാറ്റിയെന്നു കേസില്‍ നമ്പി നാരായണന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

50 ദിവസത്തോളം നമ്പി നാരായണന്‍ ജയിലില്‍ കിടന്നു. ചോദ്യം ചെയ്യല്‍ വേളയില്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയമായി. അദ്ദേഹം കുറ്റക്കാരനല്ലെന്നു സിബിഐയും സുപ്രീംകോടതിയും വിധിയെഴുതി. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തതോ കുറ്റക്കാര്‍ എന്ന് സിബിഐ വിധിയെഴുതിയ അന്വേഷണ ഉദ്യോഗസ്ഥരെ ശിക്ഷിക്കേണ്ട എന്ന് തീരുമാനമേടുത്തിരിക്കുന്നു. അപ്പോഴും നമ്പി നാരായണന്‍ എന്തിനു ഈ കേസില്‍ കുറ്റക്കാരനാക്കപ്പെട്ടു എന്ന് ആര്‍ക്കും പറയാനും കഴിയുന്നില്ല. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഓര്‍മ്മകളുടെ ബ്രഹ്മണപഥം തയ്യാറാക്കിയ പ്രജീഷ് സെന്‍, പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷ്യം എഴുതുന്ന മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ റാം, തൃശൂര്‍ കറന്റിന്റെ കെ.എ.ജോണി, എന്‍.ഇ.സുധീര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.