ലോകത്തെ ആശങ്കയിലാക്കി ഉത്തരകൊറിയ; ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന് മുന്നറിയിപ്പ്

0
35

പ്യോങ്യാങ്: മൂന്നര പതിറ്റാണ്ടിനു ശേഷമുള്ള ആദ്യ ഭൗമോപരിതല ആണവപരീക്ഷണത്തിന് തയാറെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. പസഫിക് സമുദ്രത്തിനു മുകളില്‍ ഹൈഡ്രജന്‍ ബോംബ് വീണ്ടും പരീക്ഷിക്കുമെന്ന് വിദേശകാര്യമന്ത്രി റി യോങ് ഹോ നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഉത്തരകൊറിയയെ ഉന്മൂലനം ചെയ്യുമെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎന്നില്‍ പ്രസംഗിച്ചതിനു പിന്നാലെയാണു വിദേശകാര്യമന്ത്രി നിലപാടു വ്യക്തമാക്കിയത്.

ഏകാധിപതി കിം ജോങ് ഉന്നിന്റെ ലക്ഷ്യങ്ങള്‍ കൃത്യമായി അറിയാവുന്ന വ്യക്തിയാണു വിദേശകാര്യമന്ത്രി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ തള്ളിക്കളയേണ്ടതില്ലെന്ന് റി യോങ് പറഞ്ഞു. യുഎസും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ നിലവിലില്ല. സൈനിക നടപടിയെക്കുറിച്ചു സംസാരിക്കുകയും അതു പരിശീലിക്കുകയുമാണ് യുഎസ്. എല്ലാ മാര്‍ഗത്തിലൂടെയും ഞങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് അവരുടെ ശ്രമം. ഇവയിലൂടെ ഞങ്ങളെ വരുതിയിലാക്കാമെന്നു കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു തെറ്റിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരകൊറിയ ആണവ ഗവേഷണവും പരിശീലനവും കാലങ്ങളായി തുടര്‍ന്നുവരികയാണ്. 1980ല്‍ ചൈനയാണ് അവസാനമായി സമാന പരീക്ഷണം നടത്തിയത്. ഉത്തരകൊറിയ മുന്‍പു നടത്തിയതെല്ലാം ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങളായിരുന്നു.

കഴിഞ്ഞ മാസം 120 കിലോ ടണ്‍ സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് അവര്‍ പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയയുടെ നീക്കത്തെ ലോകം തികഞ്ഞ ആശങ്കയോടെയാണു നോക്കിക്കാണുന്നത്. ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിച്ച അണുബോംബ് പരീക്ഷിച്ച്, രണ്ടിന്റെയും കൃത്യത ഉറപ്പാക്കാനാണ് ഉദ്ദേശ്യമെങ്കിലും സാങ്കേതികപ്പിഴവു മഹാദുരന്തത്തില്‍ കലാശിക്കാനുള്ള സാധ്യതയേറെയാണെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.