വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാര്‍ സൂക്ഷിക്കുക; രൂപത സര്‍ക്കാരിനൊപ്പമാണ്

0
92

(പരിസ്ഥിതി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ചില ഭാഗങ്ങള്‍)

വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരെ നടന്ന സമരങ്ങളെ വികസനവിരുദ്ധരുടെ ശബ്ദമായാണ് ഭൂരിഭാഗവും പേരും വിലയിരുത്തിയത്. വിഴിഞ്ഞത്ത് തുറമുഖം വന്നാലുണ്ടാകുന്ന ലാഭങ്ങളുടെയും തൊഴിലവസരങ്ങളുടെയും വികസനത്തിന്റെയും കാര്യങ്ങള്‍ എണ്ണിപ്പറയുന്ന സര്‍ക്കാരിനും വികസനവാദികള്‍ക്കും കണ്ണു തുറപ്പിക്കുന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകനായ സന്തോഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരപ്രവര്‍ത്തകരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ തീരദേശസമൂഹങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ക്രിസ്ത്യന്‍ രൂപതയും അവര്‍ക്ക് കുടപിടിക്കുകയാണുണ്ടായത്. ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാരും രൂപതയും മത്സ്യത്തൊഴിലാളികളെയും ജനങ്ങളെയും കബളിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ വിഴിഞ്ഞത്ത് നടന്നുകൊണ്ടിരിക്കുന്ന സമരത്തെയും പിന്തിരിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് രൂപതയുടെ ഭാഗത്ത് നിന്ന് നടന്നുകൊണ്ടിരിക്കുന്നത്.

2015 ല്‍ സമരം ശക്തി പ്രാപിച്ചപ്പോള്‍ രൂപതയുടെ നേതൃത്വത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി 475 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് സമരത്തെ അട്ടിമറിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്‍പുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തന്ത്രം മാത്രമായിരുന്നു യഥാര്‍ത്തത്തില്‍ ഈ പാക്കേജ്. ഈ പാക്കേജ് വിഴിഞ്ഞം പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് മാത്രം ഉള്ളതായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ദുരന്തംമൂലം തീരശോഷണം സംഭവിക്കുന്നതും ഉപജീവനം നഷ്ടപ്പെടുന്നതും ഭൂരിഭാഗവും പൂന്തുറ, വലിയതുറ,ശംഖുമുഖം, ഭീമാപള്ളി തുടങ്ങിയ തീരപ്രദേശങ്ങളെയാണ്. ഇവിടുത്തെ സാമൂഹികവും പാരിസ്ഥികവും സാമ്പത്തികവുമായ വിഷയങ്ങള്‍ ഒന്നും തന്നെ പാക്കേജില്‍ പരിഗണനാവിഷയമായി വന്നതേയില്ല. എന്നുമാത്രമല്ല ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തുകയില്‍ പകുതിയും മത്സ്യത്തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ തുകയും ആയിരുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പൊള്ളത്തരങ്ങളെയും ഇതിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയ വഞ്ചനകളെയും തുറന്ന് കാണിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയെ കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായിട്ടാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുള്ളത്. പദ്ധതി യാഥാര്‍ത്ഥ്യം ആകുന്നതോടുകൂടി പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജോലി ലഭിക്കുമെന്നും ആയിരക്കണക്കിന് കോടി രൂപ നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തുമെന്നും കേരളം വന്‍ വികസന കുതിച്ചുചാട്ടം നടത്തുമെന്നുമെല്ലാം ആണ് സര്‍ക്കാരിന്റെയും വിഴിഞ്ഞം പദ്ധതി പക്ഷക്കാരുടെയും വാദം. വസ്തുതകളും പഠനങ്ങളും സ്ഥിതിവിവരക്കണക്കുകളും മുന്‍നിര്‍ത്തി പരിശോധിച്ചാല്‍ ഈ വാദങ്ങളെല്ലാം അടിസ്ഥാനവിരുദ്ധവും വഞ്ചനാപരവും ജനാധിപത്യ വിരുദ്ധവും ആണെന്ന് കാണാന്‍ കഴിയും. പദ്ധതി യാഥാര്‍ഥ്യം ആകുന്നതോടുകൂടി പതിനായിരക്കണക്കിന് മത്സ്യത്തോഴിലാളികള്‍ക്ക് തൊഴിലും തൊഴിലിടവും നഷ്ടപ്പെടും. പശ്ചിമഘട്ടത്തിന്റെയും തീരത്തിന്റെയും നഷ്ടം സങ്കല്പിക്കുന്നതിനും അപ്പുറമായിരിക്കും.
വിഴിഞ്ഞം പദ്ധതിയുടെ മൊത്തം ചിലവ് 7525 കോടി രൂപയാണ്. അതില്‍ 5071 കോടി മുടക്കേണ്ടത് സര്‍ക്കാര്‍ ആണ്. അദാനി 2454 കോടി രൂപ മുടക്കിയാല്‍ മതിയാകും. ചുരുക്കിപ്പറഞ്ഞാല്‍ 70 ശതമാനവും മുടക്കേണ്ടത് സര്‍ക്കാര്‍. ലാഭം അദാനിക്കും. വിഴിഞ്ഞം പദ്ധതിയ്ക്ക് ആവശ്യമായ തുകയുടെ ഇരട്ടിയോളം ആണു പദ്ധതി തുകയായി വകയിരുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ലഭിക്കുന്ന ഗ്രാന്റും കൂടുതല്‍ ആണ്. 1685 കോടി രൂപ ( 817.8 കേന്ദ്രവും 817.2 കേരളവും നല്‍കും ) നല്‍കും. യഥാര്‍ത്ഥത്തില്‍ ഈ തുക മതിയാകും അദാനിക്ക് ആദ്യഘട്ട നിര്‍മ്മണം നടത്തുവാന്‍. ഈ 1685 കോടി രൂപ ഗ്രാന്റ് അല്ല. പോര്‍ട്ട് ലാഭകരം ആകുമ്പോള്‍ കേരള സര്‍ക്കാര്‍ ഈ തുക തിരിച്ച് അടക്കണം. ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാനത്തിന്റെ ബാധ്യത.നിര്‍മാണ കാലയളവ് 4 വര്‍ഷമായ പോര്‍ട്ടിന്റെ നിര്‍മ്മാണം കഴിഞ്ഞ് 15 വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാരിന് 1% ലാഭം ലഭിക്കുമെന്ന് ആണ്. പോര്‍ട്ട് വരുമാനത്തിന്റെ 1% അല്ല ലാഭത്തിന്റെ 1% ആണ് ലഭിക്കുന്നത്.

സര്‍ക്കാര്‍ നടത്തിയ 3 ഫീസിബിലിറ്റി റിപ്പോര്‍ട്ടുകളും ഒരേ സ്വരത്തില്‍ പറയുന്നത് പോര്‍ട്ട് ലാഭകരം ആയിരിക്കില്ല എന്നാണ്. ലാഭക്ഷമത പഠനം (Feasibility Report ) നടത്തിയ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കമ്മീഷന്‍ (2010), എയിക്കോം (2013 ), ഒടുവില്‍ ഏണസ്റ്റ് ആന്റ് യംഗ് ( 2015 ) എന്നീ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയത് പോര്‍ട്ട് വലിയ നഷ്ടമായിരിക്കുമെന്നാണ്. അങ്ങനെയെങ്കില്‍ ഏത് ലാഭത്തിന്റെ വിഹിതമാണു സര്‍ക്കാരിന് ലഭിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. ലാഭകരം ആണെങ്കില്‍ തന്നെ ഇതിനെ ഓഡിറ്റ് ചെയ്യുവനുള്ള ഒരു ഏജെന്‍സിയെക്കുറിച്ചും കരാറില്‍ പറയുന്നില്ല. സര്‍ക്കാരിന് ലാഭമൊന്നും കിട്ടില്ലായെന്ന് ചുരുക്കം

ഇതൊക്കെ എത്രവട്ടം പറഞ്ഞ് ബോധിപ്പിച്ചാലും സര്‍ക്കാര്‍ ഇന്നും ബധിരകര്‍ണങ്ങള്‍ ആണ്. പക്ഷേ തീരദേശവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട രൂപത പോലും എന്തിന് അവരെ പറഞ്ഞു പറ്റിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നത് ആലോചിക്കേണ്ട കാര്യമാണ്.