സംഘാടനത്തില്‍ പാളിച്ച; ”ഓര്‍മ്മകളുടെ ഭ്രമണപഥ” പ്രകാശന ചടങ്ങിനു പൊലിമ കുറഞ്ഞു

0
60

തിരുവനന്തപുരം: സംഘാടനത്തിലെ പാളിച്ച ഓര്‍മ്മകളുടെ ഭ്രമണപഥത്തിന്റെ പ്രകാശനചടങ്ങുകളുടെ പൊലിമ കെടുത്തി.  രാജ്യദ്രോഹിയെന്നു മുദ്രകുത്തപ്പെട്ട് കാരാഗൃഹവാസം അനുഭവിക്കേണ്ടി വന്ന  പ്രഗത്ഭ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ഓര്‍മ്മകളുടെ  പുസ്തക പ്രകാശന ചടങ്ങ് പ്രസ് ക്ലബ് ഹാളിലെ ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതായിരുന്നില്ല.

നമ്പി നാരായണന്റെ വാക്കുകള്‍ ശ്രവിക്കാനും, പുസ്തക പ്രകാശനം കാണാനും പ്രഗത്ഭമതികളായ ഒട്ടനവധിപേരാണ് എത്തിയത്.  അവരില്‍ പലര്‍ക്കും ഇരിപ്പിടം ലഭിക്കാതെ ചുമരും ചാരി നില്‍ക്കേണ്ടി വന്നു.  മിക്കവര്‍ക്കും ഹാളില്‍ കടക്കാനും കഴിഞ്ഞില്ല. ചടങ്ങിനു എത്തിയവരുടെ ബാഹുല്യം പ്രസ് ക്ലബിലെ ചെറിയ ഹാളിനു താങ്ങാവുന്നതിലും അധികമായിരുന്നു.

മിക്കവര്‍ക്കും  ഇരിക്കാന്‍ കസേര  ലഭിച്ചില്ല. അതില്‍ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെട്ടു. ആദ്യം വന്നവര്‍ മാത്രം ഇരുന്നു. ആരും ഇടയ്ക്ക് എഴുന്നേറ്റുമില്ല. കാരണം എഴുന്നേറ്റാല്‍ പിന്നെ കസേര കാണില്ല. എഴുന്നേല്‍ക്കാനും ആളുകള്‍ മടിച്ചു. തിക്കിത്തിരക്കി പുറത്തു പോകാന്‍ കഴിയില്ല. എവിടെയും എത്താന്‍ കഴിയാത്ത ത്രിശങ്കു സ്വര്‍ഗ്ഗത്തിന്റെ അവസ്ഥയാകും.

പരിപാടിയാണെങ്കില്‍ രണ്ടു മണിക്കൂറിലേറെ നീണ്ടു.  ഹാളില്‍ എസിയുടെ അഭാവവും വിനയായി. പരിപാടി സംഘടിപ്പിച്ച തൃശൂര്‍ കറന്റ്  പുസ്തക പ്രകാശനം സാധാരണ പുസ്തക പ്രകാശന ചടങ്ങുമാതിരിയാണ് സംഘടിപ്പിച്ചത്. നമ്പി നാരായണന്‍ പോലെ അസാധാരണ അനുഭവങ്ങള്‍ പേറുന്ന ഒരാളുടെ പുസ്തക പ്രകാശനം ഈ രീതിയില്‍ ആയിരുന്നില്ല  നടത്തേണ്ടിയിരുന്നത് എന്ന് ചടങ്ങിനെത്തിയവര്‍ക്ക് ബോധ്യമാകും വിധമായിരുന്നു സംഘാടനം. അതുകൊണ്ട് തന്നെ സംഘാടനത്തിലെ പാളിച്ച പരിപാടിയുടെ  ആദ്യാവസാനം മുഴച്ചുനിന്നു