സുനന്ദയുടെ മരണം പുനഃരന്വേഷിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി

0
43

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം പുന:രന്വേഷിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കോടതിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് പുനഃരന്വേഷിക്കണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജിയെ പൊതുതാല്‍പര്യത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും രാഷ്ട്രീയ പ്രേരിതം എന്നതിന് വ്യക്തമായ ഉദാഹരണമാണ് സ്വാമിയുടെ ഹര്‍ജിയെന്നും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസ് എസ് മുരളീധറും ഐ.എസ്.മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സ്വാമി സത്യങ്ങള്‍ മറച്ച് വെക്കുകയാണെന്നും ശശി തരൂരിനെതിരേയും ഡല്‍ഹി പോലീസിനെതിരേയും ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. എന്നാല്‍ സത്യങ്ങള്‍ മറച്ച് വെക്കുകയാണെന്ന കോടതി നിരീക്ഷണത്തെ സുബ്രമണ്യന്‍ സ്വാമി അംഗീകരിച്ചില്ല. താന്‍ സത്യങ്ങള്‍ മറച്ച് വെച്ചില്ലെന്നും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

രാഷ്ട്രീയ പ്രവര്‍ത്തകരുടെ സ്വന്തം താല്‍പര്യങ്ങളില്‍ അന്വേഷണം നടത്തി സമയം കളയാന്‍ കോടതിക്ക് കഴിയില്ല. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പൊതുതാത്പര്യ ഹര്‍ജി നല്‍കാന്‍ കഴിയില്ല എന്നല്ല. മറിച്ച് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അന്വേഷണം പ്രഖ്യാപിക്കാന്‍ കോടതിക്ക് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കേണ്ടി വരുമെന്നാണെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.

2014 ജനുവരി 17-ന് ആയിരന്നു സുന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.