അനില്‍ അക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമെന്ന് വിദ്യാഭ്യാസമന്ത്രി

0
49

തിരുവനന്തപുരം: അനില്‍ അക്കര എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രസിദ്ധീകരിച്ച ആരോപണം അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ജീവിതത്തിലൊരിക്കലും എ.ബി.വി.പിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന് സംഘപരിവാറുമായി പൂര്‍വ്വബന്ധമുണ്ടെന്ന ആരോപണവുമായി അനില്‍ അക്കര എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിവാദമായതിനെത്തുടര്‍ന്നാണ് പുതിയ വെളിപ്പെടുത്തലുമായി അനില്‍ അക്കര എംഎല്‍എ രംഗത്തെത്തിയത്.

കുട്ടിക്കാലത്ത് രവീന്ദ്രനാഥ് എറണാകുളം ചേരാനല്ലൂരില്‍ ആര്‍ എസ് എസ് ശാഖയില്‍ അംഗമായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ ഇ.എം.എസ് പഠിച്ച തൃശൂര്‍ സെന്റ് തോമസ് കോളജില്‍ എ ബി വി പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഇതെല്ലാം ശരിയാണെങ്കില്‍ ഇനി എത്ര കാണാനിരിക്കുന്നുവെന്നുമാണ് അനില്‍ അക്കര ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നത്.