ആഡംബരകാര്‍ യാത്രയില്‍ കോടിയേരിക്ക് വീഴ്ച പറ്റിയെന്ന് പാര്‍ട്ടി

0
41

കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഡംബര കാര്‍ യാത്രയില്‍ വീഴ്ച പറ്റിയെന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കൊടുവള്ളിയിലെ സ്വീകരണ കമ്മിറ്റിക്ക് ജാഗ്രതക്കുറവുണ്ടായി. ജനജാഗ്രതായാത്രയില്‍ വിവാദത്തിനിടയാകാവുന്ന വാഹനം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിക്കുന്നതില്‍ കാര്യമില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലിയാണ് വിവാദം ഉയര്‍ന്നു വന്നത്. നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ കാറിലായിരുന്നു കോടിയേരിയുടെ കൊടുവള്ളി പര്യടനം.

കാരാട്ട് ഫൈസല്‍ ഹവാല കേസ് പ്രതിയാണെന്നാരോപിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണു യാത്ര വിവാദമായത്. 2013ല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതിയായ ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യു സെവന്‍ കാര്‍ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ നിന്നു ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിരുന്നു. ഫൈസലിനെയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. നിലവില്‍ ആ കേസില്‍ ഫൈസലും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.