തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയെ രോഗീ സൗഹൃദമാക്കാനായുള്ള ഒ.പി. നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശാനുസരണമാണ് രോഗീ സൗഹൃദത്തിനായി 10 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്ന് വരുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി എസ്.എ.ടി. ആശുപത്രിയിലെ മാതൃശിശുമന്ദിരം രോഗീസൗഹൃദമാക്കിയിരുന്നു. രണ്ടാം ഘട്ടമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇത് നടപ്പിലാക്കുന്നത്.
ക്യൂ സമ്പ്രദായം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയുമുള്ള രോഗികളുടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്ന സംവിധാനമാണ് പ്രാബല്യത്തില്‍ കൊണ്ട് വരുന്നത്. ഡോക്ടറെ കാണാനുണ്ടാകുന്ന കാലതാമസം കുറയ്ക്കാനാകും.
രോഗികള്‍ക്ക് വിശ്രമിക്കാനായി കസേരകള്‍, വിശ്രമ സമയത്ത് ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍ ആസ്വദിക്കാനുള്ള ടി.വികള്‍, മതിയായ കുടിവെള്ള സൗകര്യം, മികച്ച ശൗചാലയങ്ങള്‍, അംഗ പരിമിതിയുള്ളവര്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങള്‍, വഴി തെറ്റാതിരിക്കാന്‍ പ്രത്യേക സൈനേജുകള്‍ എന്നിവയാണൊരുങ്ങുന്നത്. ഇതോടൊപ്പം എല്ലാ പരിശോധനാ മുറികളും എയര്‍കണ്ടീഷന്‍ ചെയ്യും.
കൂടാതെ മനസിന് സുഖകരമായ അന്തരീക്ഷം ഒരുക്കുന്നതിനായി ഓരോ വിഭാഗങ്ങളിലും അതിന്റെ അര്‍ത്ഥത്തിനനുസരിച്ച് ചിന്തോദ്ദീപങ്ങളായ ചിത്രപ്പണികളും പെയിന്റിംഗുകളുമാണ് നടത്തി വരുന്നത്. ആശുപത്രിയെന്ന സങ്കല്പത്തെ തന്നെ മാറ്റിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മെഡിക്കല്‍ കോളേജ് നോഡല്‍ ഓഫീസറായ ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു.
കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും പ്രശസ്ത ചിത്രകാരനുമായ ഡോ. അജിത് കുമാര്‍.ജിയാണ് ചിത്രപണികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 20 ഓളം കലാകാരന്മാരാണ് ഇതിന് പിറകില്‍ പ്രവര്‍ത്തിക്കുക.
നാഷണല്‍ ഹെല്‍ത്ത് മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, നോഡല്‍ ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോണ്‍, ആര്.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം കൂടിയാണിത്.