കെപിസിസി പട്ടികയ്‌ക്കെതിരെ എതിര്‍പ്പുമായി കെ.മുരളീധരന്‍

0
41


തിരുവനന്തപുരം: ഹൈക്കമാന്‍ഡിന് സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച കെ.പി.സി.സി അംഗങ്ങളുടെ പട്ടികയ്ക്കെതിരേ കെ.മുരളീധരന്‍ എം.എല്‍.എ രംഗത്തെത്തി. പട്ടികയില്‍ മാറ്റം വരുത്തണമെന്നും പട്ടിക അംഗീകരിക്കരുതെന്നും കെ.മുരളീധരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. പട്ടിക പുറത്ത് വരുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.

നേരത്തെ വി.എം.സുധീരനും പട്ടികയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം പി.സി.ചാക്കോയും ശശി തരൂരും അടക്കമുള്ള നേതാക്കളും പട്ടിക തയ്യാറാക്കുമ്പോള്‍ നേതൃത്വം പരിഗണിച്ചത് വെറും ഗ്രൂപ്പ് താല്‍പര്യം മാത്രമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പട്ടികക്കെതിരെ മുരളീധരനും രംഗത്തെത്തിയിരിക്കുന്നത്.

നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം രണ്ടാമതും പുതുക്കിയ പട്ടിക സമര്‍പ്പിച്ചിരുന്നു. 282 പേരുടെ പട്ടികയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ പരസ്യ പ്രതികരണവുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്തെത്തിയിരുന്നു. പട്ടിക അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്കിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് രണ്ടാമത്തെ കെ.പി.സി.സി പട്ടികയും അനന്തമായി നീളാന്‍ കാരണമായത്.