കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ഹൗസെന്ന് രാഷ്ട്രപതി

0
52

തിരുവനന്തപുരം: ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണ് കേരളമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാക്ഷരത എന്നിവയില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണ്. ഡിജിറ്റല്‍ ഇന്ത്യയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പള്ളിപ്പുറം ടെക്നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും രാഷ്ട്രപതി നിര്‍വഹിച്ചു.

ടെക്‌നോസിറ്റിയില്‍ ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്നും ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൂമി വിട്ടുനല്‍കിയവരുടെ കുടിശിക മാര്‍ച്ച് 31നകം നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. പദവി ഏറ്റെടുത്തശേഷം ഇതു രണ്ടാം തവണയാണ് അദ്ദേഹം കേരളത്തില്‍ വരുന്നത്. തിരുവനന്തപുരത്തു പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ പരിപാടി പള്ളിപ്പുറം ടെക്നോസിറ്റി ശിലാസ്ഥാപനം നിര്‍വഹിക്കലായിരുന്നു. തുടര്‍ന്നു രാജ്ഭവനിലെത്തുന്ന രാഷ്ട്രപതി 5.50നു വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും.

ആറിനു സംസ്ഥാന സര്‍ക്കാരിനായി തിരുവനന്തപുരം നഗരസഭ ടഗോര്‍ തിയറ്ററില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കും. എട്ടു മണിക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുത്തശേഷം അവിടെ തങ്ങും. വെള്ളിയാഴ്ച രാവിലെ 9.45നു പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്കു തിരിക്കും. 11നു കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 12.30നു ഡല്‍ഹിക്കു മടങ്ങും.