ന്യൂഡല്‍ഹി; കെപിസിസി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം കുഴങ്ങുന്നു. കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുത്തിയ ഐഎസിസി സെക്രട്ടറി പി സി വിഷ്ണുനാഥിന്റ പേര് ഒഴിവാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിഷ്ണുനാഥിനെ ഒരു കാരണവശാലും ഒഴിവാക്കാന്‍ പറ്റില്ലെന്നും അങ്ങനെയുണ്ടായാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടെടുത്തു. ഇതിനിടെ പുതുക്കിയ പട്ടികയ്ക്കെതിരെ കെ മുരളീധരന് എംഎല്‍എ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു.
കൊല്ലത്തെ എഴുകോണ്‍ ബ്ലോക്കില്‍നിന്ന് പി സി വിഷ്ണുനാഥിന്റ പേര് ആദ്യപട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിഷ്ണുനാഥിനെ ഒഴിവാക്കി പകരം തന്റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ പുതുക്കിയ പട്ടികയിലും വിഷ്ണുനാഥിന്റെ പേര് സ്ഥാനം പിടിച്ചതോടെ കൊടിക്കുന്നില്‍ പരാതിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സമീപിക്കുകയായിരുന്നു.
എഐസിസി സെക്രട്ടറി കൂടിയായ വിഷ്ണുനാഥിനെ ഒഴിവാക്കാനാകില്ലെന്നാണ് ഇരു ഗ്രൂപ്പുകളുടേയും ഏകകണ്ഠമായ നിലപാട്. ഒഴിവാക്കിയാല്‍ കടുത്ത നിലപാടെടുക്കുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്കി. കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു വി സത്യശീലനായിരുന്നു നേരത്തെ എഴുകോണില്‍ നിന്നുള്ള കെപിസിസി അംഗം. അദ്ദേഹം മരിച്ച ഒഴിവിലാണ് വിഷ്ണുനാഥിനെ ഉള്‍പ്പെടുത്തിയത്. കൊല്ലത്തെ അഞ്ചാലുംമൂട് ബ്ലോക്കില്‍ ഡിസിസി വൈസ് പ്രസിഡന്റ് സൂരജ് രവിയെ ഉള്‍പ്പെടുത്താത്തതിനെതിരെ വി എം സുധീരന് പ്രതിഷേധമറിയിച്ചു. ഡിസിസി ഭാരവാഹികളെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനത്തിന്റെ ഭാഗമായാണ് സൂരജിനെ ഒഴിവാക്കിയത്.
പട്ടിക പുതുക്കിയപ്പോള്‍ വട്ടിയൂര്‍ക്കാവിലെ ഉള്ളൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ടിരുന്ന ശശി തരൂര്‍ എംപി സ്വയം ഒഴിവായി. ഇതിന് പകരം മണ്ഡലത്തിന് പുറത്തുള്ളയാളെ ഉള്‍പ്പെടുത്തിയതാണ് കെ മുരളീധരന്റ അനിഷ്ടത്തിന് കാരണം. ഗ്രൂപ്പ് വീതം വയ്പ്പു നടന്നതിനാല്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് പുതിയ പട്ടിക തയാറാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കണമെന്ന് കെ മുരളീധരന് ആവശ്യപ്പെട്ടു.