ജനജാഗ്രതാ യാത്രയില്‍ ജാഗ്രതക്കുറവ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിളിച്ചു ചേര്‍ത്തേക്കും

0
90

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്രയില്‍ സംഭവിച്ച ജാഗ്രതക്കുറവ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും. ജനജാഗ്രത മാർച്ചിനിടെ സ്വർണക്കള്ളക്കടത്തു കേസിലെ പ്രതിയുടെ വാഹനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ സഞ്ചരിക്കാനിട വന്ന കാര്യമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ചചെയ്യുക.

വിവാദം ചര്‍ച്ച ചെയ്യാനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അധികം വൈകാതെ തന്നെ വിളിച്ചു ചേര്‍ത്തേക്കും. കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതായാത്ര പാളിപ്പോകാന്‍ പ്രധാന കാരണം കൊടുവള്ളിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ സ്വീകരണമാണെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തിയിട്ടുണ്ട്.

ജനങ്ങളെ ജാഗ്രതവത്ക്കരിക്കാന്‍ സിപിഎം സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയില്‍ നേതൃത്വത്തിനു തന്നെ ജാഗ്രതക്കുറവ് സംഭവിച്ചതാണ് പാര്‍ട്ടി നേതൃത്വത്തെ അലട്ടുന്നത്. ജാഗ്രതക്കുറവ് സംഭവിച്ചതായി പാര്‍ട്ടി സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ യാത്രയ്ക്കിടെ തുറന്നു പറയുകയും ചെയ്തു.

ഒരു യാത്രയല്ല വിവാദം കാരണം പാളിയത്. രണ്ടു യാത്രകളാണ്. വടക്കന്‍ മേഖലാ ജാഥ നയിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയും, തെക്കന്‍ മേഖലാ ജാഥ നയിക്കുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ്. കോടിയേരിയുടെ വടക്കന്‍ മേഖലാ ജാഥയിലെ വിവാദത്തിനു തെക്കന്‍ മേഖലാ ജാഥ നയിച്ച കാനത്തിനു മറുപടി പറയേണ്ടി വന്നു. ഇതും സിപിഐക്ക് കടുത്ത അതൃപ്തിക്ക് കാരണമാകുകയും ചെയ്തു.

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ കഴിഞ്ഞു ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ജന ജാഗ്രതാ യാത്ര വിവാദം വരുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഈ വിവാദവും പൊന്തിവരും. ഇത് പാര്‍ട്ടിക്ക് മറ്റൊരു തലവേദനയാകുകയും ചെയ്യും.

പാര്‍ട്ടി ലോക്കല്‍ നേതൃത്വത്തിനു സംഭവിച്ച ജാഗ്രതക്കുറവാണ് വിവാദത്തിനു കാരണം. പക്ഷെ അത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ നയിച്ച ജനജാഗ്രതായാത്രയുടെ ശോഭ കെടുത്താന്‍ കാരണമാകുകയും ചെയ്തു. രണ്ടായിരം കിലോ സ്വർണം കടത്തിയ കേസിൽ പ്രതിയായ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള മിനി കൂപ്പറിലാണു കോടിയേരി ബാലകൃഷ്ണനും കൊടുവള്ളി എംഎൽഎ കാരാട്ട് റസാക്കും സഞ്ചരിച്ചതെന്നു ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വവും ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.