ആന്റണി കമ്മിഷനില്‍ നിന്നും ആശ്വാസവിധി തേടി എന്‍സിപി; തോമസ് ചാണ്ടിയുടെ രാജി വൈകിക്കാനും നീക്കം

0
447

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ്‌ ചാണ്ടിയുടെ രാജി ആരും  പ്രതീക്ഷിക്കുന്നില്ലെങ്കിലും എന്‍സിപി പ്രതീക്ഷിക്കുന്നു. ഹണിട്രാപ്പില്‍ കുരുങ്ങിയുള്ള ആദ്യ മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയുടെ ക്ഷീണം മാറി വരുന്നതിന്നിടയിലാണ് രണ്ടാം മന്ത്രിയായ തോമസ്‌ ചാണ്ടിയും കായല്‍-ഭൂമി കയ്യേറ്റങ്ങളില്‍ കുരുങ്ങി വിവാദത്തിലായിരിക്കുന്നത്.

മന്ത്രിയായ ശേഷവും തോമസ്‌ ചാണ്ടി നിലം നികത്തിയതായുള്ള കണ്ടെത്തല്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചതോടെയാണ് തോമസ്‌ ചാണ്ടിയുടെ രാജിയും ആസന്നം എന്ന കണക്ക്കൂട്ടലിലേക്ക് എന്‍സിപിഎത്തുന്നത്. ലഭിച്ചത് ഒരു മന്ത്രിപദവി. കയ്യാളിയത് രണ്ടു എംഎല്‍എമാര്‍. എന്നിട്ടും രണ്ടു പേര്‍ക്കും ഊഴം തികയ്ക്കാന്‍ കഴിഞ്ഞില്ലാ എന്നതും എന്‍സിപി ഗൌരവപൂര്‍വം കണക്കിലെടുക്കുന്നു.

തോമസ്‌ ചാണ്ടിക്ക് രാജി വയ്ക്കേണ്ടി വന്നാല്‍ മുന്‍പ് രാജിവെച്ച എ.കെ.ശശീന്ദ്രന് തന്നെ മന്ത്രി പദവി നല്‍കാന്‍ കഴിയുമോ എന്നാണു എന്‍സിപി ആരായുന്നത്. ആ രീതിയിലുള്ള നീക്കങ്ങള്‍ ആണ് പാര്‍ട്ടി നടത്തുന്നതും. പക്ഷെ അതിനു ഇടത് മുന്നണി കനിയണം. രണ്ടാമത് ശശീന്ദ്രന്‍ കുരുങ്ങിയ ഹണി ട്രാപ് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്.ആന്റണി കമ്മിഷന്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി പ്രഖ്യാപിക്കണം.

ശശീന്ദ്രന്‍ നിരപരാധിയായി മടങ്ങിവന്നാല്‍ മന്ത്രിപദവി കൈമാറും എന്ന് ഇപ്പോഴത്തെ മന്ത്രിയായ തോമസ്‌ ചാണ്ടി തന്നെ പരസ്യപ്രഖ്യാപനം നടത്തിയിട്ടുണ്ട്. ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കണ്ടാല്‍ മന്ത്രിപദവി ശശീന്ദ്രന് തന്നെ കൈമാറും എന്ന് എന്‍സിപി ദേശീയ നേതൃത്വവും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ആന്റണി കമ്മിഷന്റെ കാലാവധി ഡിസംബര്‍ വരെ സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ട്.

ജൂണില്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ്‌ ഹണിട്രാപ്പ് വിവാദം അന്വേഷിക്കുന്ന ആന്റണി കമ്മിഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയത്. കമ്മിഷന് മുന്നില്‍ ഹാജരാകാന്‍ ശശീന്ദ്രന്‍ വിവാദം ഉയര്‍ത്തിക്കൊണ്ട് വന്ന മംഗളം ചാനലിനു വിമുഖതയുണ്ട്.

ശശീന്ദ്രന്‍ വിവാദം ഉയര്‍ത്തി മുന്നോട്ട് പോകാമെന്ന ചാനലിന്റെ മോഹങ്ങള്‍ക്കും ശശീന്ദ്രന്‍ വിവാദം തിരിച്ചടിയാണ് നല്‍കിയത്. വാര്‍ത്താപരമായി ചാനലിനു ഒരു മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയാതെ പോയത് മാത്രമല്ല ചാനല്‍ തലപ്പത്തുള്ളവര്‍ക്ക് ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു. കേസ് ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇതെല്ലാം വിവിധ തരത്തിലുള്ള പ്രതിസന്ധികളാണ് ചാനലിനു സൃഷ്ടിച്ചത്.

അതുകൊണ്ട് തന്നെ ശശീന്ദ്രന്‍ പ്രശ്നം എ.കെ.ശശീന്ദ്രന് മാത്രമല്ല ചാനലിനു കൂടി തിരിച്ചടിയായിട്ടുണ്ട്. ആന്റണി കമ്മിഷന്‍ ശശീന്ദ്രനെ കുറ്റക്കാരനല്ലെന്നു വിധിക്കുമെന്നാണ് എന്‍സിപി പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ തോമസ് ചാണ്ടിയുടെ രാജി ഈ രണ്ടു മാസം വൈകിപ്പിക്കാന്‍ കഴിയുമോയെന്നും എന്‍സിപി ആരായുന്നുണ്ട്. പക്ഷെ കുറ്റക്കാരന്‍ അല്ലെന്നു വിധിച്ച ഒരാള്‍ കൂടി സിപിഎമ്മില്‍ മന്ത്രി സ്ഥാനം കാത്തുനില്‍ക്കുന്നുണ്ട്‌. ബന്ധുത്വ നിയമനത്തില്‍ കുറ്റക്കാരന്‍ അല്ലെന്നു കോടതി വിധിയെഴുതിയ ഇ.പി.ജയരാജന്‍.

വ്യവസായ മന്ത്രിയായിരുന്ന  ഇ.പി.ജയരാജന്‍ ബന്ധുത്വ നിയമന വിവാദത്തില്‍പ്പെട്ടപ്പോള്‍ കുറ്റക്കാരന്‍ അല്ലെന്നു പ്രഖ്യാപിക്കപ്പെട്ടാല്‍ മന്ത്രിസ്ഥാനം തിരികെ നല്‍കുമെന്ന് പാര്‍ട്ടിയും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. പക്ഷെ കുറ്റക്കാരന്‍ അല്ലെന്നു പ്രഖ്യാപിക്കപ്പെട്ടിട്ടും ജയരാജന് മന്ത്രി സ്ഥാനം തിരികെ ലഭിച്ചില്ല. കാരണം മുഖ്യമന്ത്രി അടക്കം 19 മന്ത്രിസഭാംഗങ്ങള്‍ മതി എന്ന് ഇടതു മുന്നണി തീരുമാനമുണ്ട്. ജയരാജന്റെ ഒഴിവില്‍ എം.എം.മണി മന്ത്രിയായതോടെ നിലവില്‍ മന്ത്രിസഭയില്‍ ഇടതു മുന്നണി തീരുമാനിച്ച അംഗങ്ങള്‍ ആയിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ  ഇ.പി.ജയരാജന്‍ പുറത്തു  തന്നെ നില്‍ക്കുന്നു.

പക്ഷെ അതൊന്നും കണക്കാക്കാതെ എന്‍സിപിയും കാക്കുകയാണ് ജസ്റ്റിസ് പി.എസ്.ആന്റണി കമ്മിഷന്റെ വിധി വരാന്‍. പക്ഷെ അതിനും ഇനി രണ്ടു മാസങ്ങള്‍ തന്നെ പാര്‍ട്ടിക്ക് കാത്തിരിക്കേണ്ടി വരും. അതിന്നിടയില്‍ തോമസ്‌ ചാണ്ടിയെ തന്നെ മന്ത്രിയാക്കി നിലനിര്‍ത്താന്‍ സര്‍വ അടവും പയറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കാരണം പാര്‍ട്ടിക്ക് ഒരു മന്ത്രി സ്ഥാനം നിലനിര്‍ത്തണം.

അതിനായി താത്ക്കാലത്തേക്കെങ്കിലും അച്ചടക്കത്തിന്റെ വാള്‍ വീശി പാര്‍ട്ടി ഉള്‍പ്പോരുകള്‍ക്ക് ശമനം കാണാനാണ് പാര്‍ട്ടി തീരുമാനം. അതുകൊണ്ട് തന്നെയാണ് എന്‍സിപിയൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ആയ മുജീബ് റഹ്മാന് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴി തെളിഞ്ഞത്.