താജ്മഹലില്‍ ശിവപൂജ നടത്താന്‍ അനുമതി നല്‍കണമെന്ന് സംഘപരിവാര്‍

0
52

ന്യൂഡല്‍ഹി: താജ്മഹലിനെക്കുറിച്ച് വിവാദ ആവശ്യമുന്നയിച്ച് സംഘപരിവാര്‍. താജ്മഹലില്‍ മുസ്ലീംങ്ങള്‍ നിസ്‌കാരം നടത്തുന്നത് നിരോധിച്ചില്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപൂജ നടത്താന്‍ അനുമതി നല്‍കണമെന്ന് സംഘപരിവാര്‍. ആര്‍എസ്എസ് ചരിത്ര വിഭാഗമായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതിയാണ് വിവാദ ആവശ്യമുന്നയിച്ചിരിക്കുന്നത്.

ദേശീയ പൈതൃകമായ താജ്മഹലില്‍ എന്തിനാണ് മുസ്ലീങ്ങള്‍ക്ക് മതപരമായ ആരാധനയ്ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്നും ഇതിഹാസ് സങ്കലന്‍ സമിതി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ബാലമുകുന്ദ് പാണ്ഡെ ചോദിച്ചു. മുസ്ലീങ്ങള്‍ക്ക് താജ്മഹലില്‍ നമാസ് നടത്താനുള്ള അനുമതി പിന്‍വലിക്കണമെന്നും ബാലമുകുന്ദ് പാണ്ഡെ ആവശ്യപ്പെട്ടു. നമാസ് അനുവദിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപൂജ നടത്താനുള്ള അനുമതിയും ലഭിക്കണമെന്നും ബാലമുകുന്ദ് പാണ്ഡെ ആവശ്യപ്പെട്ടു.

താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഉണ്ടെന്നും അത് പ്രണയത്തിന്റെ സ്മാരകമല്ലെന്നും ബാലമുകുന്ദ് പാണ്ഡെ പറഞ്ഞു. മുംതാസ് മരിച്ച് നാലുമാസത്തിനകം ഷാജഹാന്‍ ചക്രവര്‍ത്തി വേറെ വിവാഹം കഴിച്ചിരുന്നുവെന്നും ബാലമുകുന്ദ് പാണ്ഡെ പറഞ്ഞു. തങ്ങള്‍ താജമഹലുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കണ്ടെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്ലീം ഭരണാധികാരികളാല്‍ തകര്‍ക്കപ്പെട്ട് പിന്നീട് സ്മാരകങ്ങളായോ മറ്റ് കെട്ടിടങ്ങളായോ മാറ്റപ്പെട്ട പൈതൃക കെട്ടിടങ്ങള്‍ പുനരുദ്ധരിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാലമുകുന്ദ് പാണ്ഡെ പറയുന്നു.

ആര്‍എസ്എസ് ചരിത്ര ഗവേഷണ പ്രസ്ഥാനമാണ് അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതി. ചരിത്രത്തില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകളും ദേശീയ കാഴ്ചപ്പാടോടെ മാറ്റങ്ങള്‍ വരുത്തുകയോ തിരുത്തിയെഴുതുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.