തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ കേസില്‍ അഡീഷണല്‍ എജി ഹാജരായാല്‍ മതിയെന്ന് റവന്യു വകുപ്പ്. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് വകുപ്പിന്റെ നിലപാട് എജിയെ അറിയിച്ചു.
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ (എ.എ.ജി.) രഞ്ജിത് തമ്പാനെ മാറ്റി പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. സിപിഐ നോമിനിയായിരുന്നു രഞ്ജിത് തമ്പാന്. കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ഭാഗം നിര്‍ണായകമാണെന്നിരിക്കേ എ.എ.ജി.യെ ഒഴിവാക്കിയതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നാണ് വിമര്‍ശനം.
സാധാരണ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ എഎജിയാണ് ഹാജരാകാറുള്ളത്. റവന്യൂ വകുപ്പിനെ വിശ്വാസത്തിലെടുക്കാത്ത നടപടികള്‍ ആവര്‍ത്തിച്ചുണ്ടാകുന്നതില്‍ സിപിഐ കടുത്ത പ്രതിഷേധത്തിലാണ്. തോമസ് ചാണ്ടിയുടെ പേരിലുള്ള കേസില്‍ സിപിഐയും റവന്യൂ വകുപ്പും കര്‍ശന നിലപാടാണ് സ്വീകരിച്ചുവരുന്നത്.
അതേസമയം, തോമസ് ചാണ്ടിയുടെ നിയമലംഘനത്തെ കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ടില്‍ സിപിഐക്കും മുഖ്യമന്ത്രിക്കും രണ്ട് അഭിപ്രായം ഉണ്ടെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ടിനെ മറികടന്ന് റവന്യൂ സെക്രട്ടറിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് മുമ്പോട്ട് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള തീരുമാനം.