തോമസ് ചാണ്ടിക്കെതിരായ കേസ്: റവന്യൂ മന്ത്രിയും എജിയും രണ്ടു തട്ടില്‍

0
48

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ (എ.എ.ജി) രഞ്ജിത് തമ്പാനെ മാറ്റിയതില്‍ മാറ്റമില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍. എന്നാല്‍ കേസില്‍ രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ എജിക്ക് കത്ത് നല്‍കി.

അഭിഭാഷകനെ മാറ്റി നിയമിച്ചതില്‍ മാറ്റമില്ല. കേസില്‍ ആര് ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണ്. മന്ത്രിയുടെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ ഉചിതമായ മറുപടി നല്‍കുമെന്നും എ.ജി വ്യക്തമാക്കി. എന്നാല്‍ കേസില്‍ ഹാജരാവാന്‍ റവന്യൂ കേസിലെ പരിചയം അത്യാവശ്യമാണെന്നും വിഷയം പൊതുതാല്‍പര്യമാണെന്നും മന്ത്രി എ.ജിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് അഡീഷണല്‍ എ.ജി രഞ്ജിത്ത് തമ്പാനെ മാറ്റി പകരം മറ്റൊരു അഭിഭാഷകനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ രഞ്ജിത്ത് തമ്പാന് പകരം സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനായിരുന്നു ഹാജരായിരുന്നത്. സിപിഐ നോമിനിയാണ് രഞ്ജിത് തമ്പാന്‍. കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ഭാഗം നിര്‍ണായകമാണെന്നിരിക്കേ എ.എ.ജി.യെ ഒഴിവാക്കിയതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നാണ് വിമര്‍ശനം. സാധാരണ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ എഎജിയാണ് ഹാജരാകാറുള്ളത്.

റവന്യൂ വകുപ്പിനെ വിശ്വാസത്തിലെടുക്കാത്ത നടപടികള്‍ ആവര്‍ത്തിച്ചുണ്ടാകുന്നതില്‍ സിപിഐ കടുത്ത പ്രതിഷേധത്തിലാണ്.
തോമസ് ചാണ്ടിയുടെ പേരിലുള്ള കേസില്‍ സിപിഐയും റവന്യൂ വകുപ്പും കര്‍ശന നിലപാടാണ് സ്വീകരിച്ചുവരുന്നത്. കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം കായലും പുറമ്പോക്കും കൈയേറിയതിന് ക്രിമിനല്‍ കേസടക്കം എടുക്കാവുന്നതാണെന്ന കുറിപ്പ് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നേരത്തെ നല്‍കിയിരുന്നു.