തിരുവനന്തപുരം: വിട പറഞ്ഞത് മലയാള സാഹിത്യത്തിലെ പുനം നമ്പൂതിരിയാണെന്ന് പ്രശസ്ത നിരൂപകന് ബാലചന്ദ്രന് വടക്കേടത്ത്. ഇന്നു രാവിലെ ഓര്‍മ്മയായ സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ 24 കേരളയോട് അനുസ്മരിക്കുകയായിരുന്നു വടക്കേടത്ത്.
പുനത്തില്‍ കുഞ്ഞബ്ദുള്ളയെ പുനം നമ്പൂതിരിയാക്കിയത് മലയാറ്റൂര്‍ രാമകൃഷ്ണനായിരുന്നു. ഒളപ്പമണ്ണയ്ക്ക് വയലാര്‍ പുരസ്ക്കാരം കിട്ടിയ സമയമായിരുന്നു അത്. പാലക്കാട് വെച്ചായിരുന്നു അവാര്‍ഡ് ദാനചടങ്ങ്. ആ സമ്മേളനത്തിനു പോകാന്‍ പുനത്തില്‍ തൃശൂരിലെത്തി. എന്നെയും കൂട്ടിയാണ് പാലക്കാട് പോയത്. അവിടെയെത്തുമ്പോള്‍ മലയാറ്റൂര്‍ രാമകൃഷ്ണനുണ്ട്, തോപ്പില്‍ ഭാസിയുണ്ട്, ബി.രാജകൃഷ്ണനുണ്ട്.
മലയാറ്റൂര്‍ പുനത്തിലിനെ എതിരേറ്റത് പുനം നമ്പൂതിരി എന്ന് വിളിച്ചു കൊണ്ടാണ്. ഞാനും അക്ബര്‍ കക്കട്ടിലും പുനത്തിലുമാണ് ഒരുമിച്ച് ഉണ്ടായിരുന്നത്. വലിയൊരു ധ്വന്യാത്മകതയുണ്ടായിരുന്നു ആ പ്രയോഗത്തില്‍. പാരമ്പര്യത്തിന്റെയും സമകാലികതയുടെയും വിശേഷണങ്ങള്‍ ആ പ്രയോഗത്തിലുണ്ടായിരുന്നു. പുനത്തിലിനോട് ഈ പ്രയോഗം നടത്തുന്നത് മലയാറ്റൂര്‍ ആണെന്നുകൂടി ഓര്‍ക്കണം.
പുനത്തിലിന്റെ സംസ്കൃതിയുടെ ആഴം കൂടി ആ പ്രയോഗത്തിലുണ്ടായിരുന്നു. അതുപോലെ തന്നെ സമകാലികതയുടെയും, പാരമ്പര്യത്തിന്റെയും ഇഴകള്‍ കൂടിച്ചേര്‍ന്നതായിരുന്നു പുനത്തിലിന്റെ സാഹിത്യം. പൂര്‍ണ്ണമായും ആധുനികതയുടെ വഴി പുനത്തില്‍ തിരഞ്ഞെടുത്തില്ല. ഗ്രാമീണ കഥാപാത്രങ്ങളായിരുന്നു പുനത്തിലിന്റെ സാഹിത്യത്തില്‍ ഏറിയകൂറും. അതില്‍ പലതും മിത്തോളജിക്കല്‍ കഥാപാത്രങ്ങള്കൂടിയായിരുന്നു.
മിത്തുകളുടെ സ്വാധീനവും എഴുത്തില്‍ പ്രകടമായിരുന്നു സ്മാരകശിലകള്‍ ഉദാഹരണം. മിത്തുകളാണ് അദ്ദേഹത്തിന്റെ സൌന്ദര്യബോധത്തിന്റെയും എഴുത്തിനെയും നിയന്ത്രിച്ചിരുന്നത്. ഇതാണ് മറ്റുള്ള ആധുനികരില്‍ നിന്ന് പുനത്തിലിനെ വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത്. മുകുന്ദനും, പുനത്തിലും വലിയ അടുപ്പമായിരുന്നെങ്കിലും മുകുന്ദന്റെ എഴുത്തില്‍ പാശ്ചാത്യ സ്വാധീനം കൂടുതലുണ്ട്.
എല്ലാ പ്രവണതകളുടെയും പിറകെ പോകുന്ന എഴുത്തുകാരനായിരുന്നു മുകുന്ദന്. പക്ഷെ പുനത്തിലിന്റെ വഴി വ്യത്യസ്തമായിരുന്നു. ആധുനികതയോട് ചേര്‍ന്ന് നിന്നെങ്കിലും കേരളീയമായ തനിമ പുനത്തില്‍ എഴുത്തില്‍ നിലനിര്‍ത്തി. എഴുതി തുടങ്ങിയ കാലം മുതല്ക്കുതന്നെ പുനത്തിലുമായി എനിക്ക് ബന്ധമുണ്ട്.
പുനത്തില്‍, എം.മുകുന്ദന്, അക്ബര്‍ കകട്ടില് എന്നിവര്‍ സമകാലികരായിരുന്നു. ഞങ്ങളുടെ തലമുറയിലെ ആധുനികരായിരുന്നു ഇവര്‍. വരും തലമുറയിലെ ആധുനികരുമായും പുനത്തില്‍ ഒരേ അടുപ്പം തന്നെ പുലര്‍ത്തി. എഴുത്തും, അനുബന്ധ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതില്‍ പുനത്തില്‍ എപ്പോഴും സജീവമായിരുന്നു. ഈ സജീവത എല്ലാ കാലത്തും പുനത്തില്‍ നിലനിര്‍ത്തുകയും ചെയ്തു.
എഴുത്തായിരുന്നു പുനത്തിലിന്റെ മുഖ്യവിഷയം. എഴുത്തില്‍ നിന്നും പുനത്തില്‍ ഒരിക്കലും വ്യതിചലിച്ചില്ല. എഴുത്തിനെക്കുറിച്ച് പുനത്തില്‍ പറയുമായിരുന്നു. ”ഞാന്‍ അത്ര വലിയ പ്രതിഭാശാലിയല്ല. എങ്കിലും ഞാന്‍ എഴുതുന്നു.” ലാളിത്യത്തോടെ പുനത്തില്‍ പറയുമായിരുന്നു. വളരെ ലളിതമായിരുന്നു പുനത്തിലിന്റെ എഴുത്തും ഭാഷയും. ഇതാണ് മറ്റു സാഹിത്യകാരന്മാരില്‍നിന്നും പുനത്തിലിനുള്ള വ്യത്യാസം
അദ്ദേഹം സ്വന്തം തലമുറയില്‍പ്പെട്ട എഴുത്തുകാരുമായും, പുതു തലമുറയുമായും ഒരുപോലെ ബന്ധം പുലര്‍ത്തി എന്നതാണ്. പുതുതലമുറ തങ്ങളുടെ കീഴെയല്ല, ഒപ്പം നില്‍ക്കുന്നവരാണ് എന്ന ബോധം എപ്പോഴും പുനത്തില്‍ നിലനിര്‍ത്തി. വാക്കിലും പെരുമാറ്റത്തിലും അത് അടിവരയിട്ട് പ്രഖ്യാപിക്കുകയും ചെയ്തു. പുനത്തിലിന്റെ തലമുറയിലെ പല എഴുത്തുകാരും ഈ ഗുണം നിലനിര്‍ത്തിയിരുന്നു-വടക്കേടത്ത് പറഞ്ഞു.