പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

0
68

കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ കരുത്തായി നിലകൊണ്ട പ്രമുഖ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം. അസുഖബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമജീവിതത്തിലായിരുന്നു.

ഒട്ടേറെ നോവലുകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ കൃതികളും രചിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്‌. 1980ൽ സ്മാരകശിലകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

മലമുകളിലെ അബ്ദുള്ള എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മരുന്ന് എന്ന കൃതിക്ക് വിശ്വദീപം അവാര്‍ഡ് എന്നിവയും 2010ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപും നേടി.

1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ സൈനയുടെയും മമ്മുവിന്റെയും മകനായി ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളെജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എംബിബിഎസ് ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാമില്‍ ജോലി ചെയ്തു സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍, നവഗ്രഹങ്ങളുടെ തടവറ എന്നിവയാണ് പ്രധാന നോവലുകള്‍

അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍ , കുറേ സ്ത്രീകള്‍ , മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ‘നഷ്ടജാതകം’- ആത്മകഥ, ‘ആത്മവിശ്വാസം വലിയമരുന്ന്’, ‘പുതിയ മരുന്നും പഴയ മരുന്നും’ ലേഖനസമാഹാരങ്ങളാണ്. ‘വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍’ എന്ന യാത്രാവിവരണവും ശ്രദ്ധേയമായി.