തിരുവനന്തപുരം: മദ്യപിച്ച് പൊലീസ് വാഹനത്തില്‍ അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത ഐജിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ക്രൈംബ്രാഞ്ച് ഐജി ഐ ജെ ജയരാജന് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ബെഹ്റ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കത്തു നല്കി.
മദ്യലഹരിയില്‍ പൊലീസ് വാഹനത്തില്‍ ചുറ്റിയടിച്ച ഐജിയെയും ഡ്രൈവറെയും കൊല്ലം അഞ്ചലില്‍ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. വൈദ്യ പരിശോധന നടത്തിയ പൊലീസ്, ക്രൈംബ്രാഞ്ച് ഐജിയെ ഒഴിവാക്കി ഡ്രൈവര്‍ സന്തോഷിനെതിരെ മാത്രമാണു കേസെടുത്തത്. പൊലീസ് വാഹനം നിയന്ത്രണമില്ലാതെ പായുന്നതായുള്ള വിവരം അഞ്ചല്‍ സ്റ്റേഷനില്‍ ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് പരിശോധന നടത്തിയത്.
പൊലീസ് സ്റ്റേഷനു സമീപത്തെ റോഡില്‍വച്ചു പിടികൂടുമ്പോള്‍ വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു രണ്ടുപേരും. വിവരം ഉടനെ ഡിജിപിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു വൈദ്യപരിശോധന. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞു. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണു ഡ്രൈവര്‍ സന്തോഷിന്റെ പേരില്‍ കേസ് എടുത്തത്. പിന്നീടു ജാമ്യത്തില്‍ വിട്ടു. പുനലൂര്‍ ഡിവൈഎസ്പി ഓഫിസില്‍ സൂക്ഷിച്ചിരുന്ന വാഹനവും വിട്ടയച്ചു.
ഐജി ജയരാജന്റെ കൊട്ടാരക്കരയിലുള്ള സുഹൃത്തിന്റെ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷമാണ് ഇവര്‍ അഞ്ചലില്‍ എത്തിയത്. അന്വേഷണം പുരോഗമിക്കുന്നതായി ഐജി മനോജ് ഏബ്രഹാം പറഞ്ഞു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും കൃത്യ നിര്‍വഹണത്തിനിടെ മദ്യപിച്ചതിനും അച്ചടക്ക നടപടി ഉണ്ടാകുമെന്നും ഐജി വ്യക്തമാക്കി. ഇതിനുപിന്നാലെയാണു ഡിജിപിയുടെ ഇടപെടലുണ്ടായത്.
ഐജി ജയരാജിനെതിരെ സമാനമായ ആരോപണങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഡിഐജി റാങ്കില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഡയറക്ടറായി ജോലി ചെയ്യുന്ന കാലത്ത് ജനശതാബ്ദി ട്രെയിനില്‍ യാത്രയ്ക്കിടെ മദ്യപിച്ചു ബഹളമുണ്ടാക്കുകയും സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായും ആരോപണമുയര്‍ന്നിരുന്നു.