സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ സി. അനൂപ് പുനത്തിലിനെ ഓര്‍മ്മിക്കുന്നു
വായക്കാരുടെ ഹൃദയത്തില്‍ ആഴത്തില്‍ ഇടംനേടാന്‍ കുഞ്ഞബ്ദുള്ളയ്ക്ക് സാധിച്ചു. ഞങ്ങള്‍ കുഞ്ഞിക്കായെന്ന് വിളിച്ചു. എം. മുകുന്ദനും കാക്കനാടനും അക്ബര്‍ കക്കട്ടിലും ഒക്കെ സൂക്ഷിച്ചിരുന്ന ആ ആത്മബന്ധം ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ യുവ സാഹിത്യ പുരസ്കാരം നിശ്ചയിക്കാനുള്ള ആദ്യ കമ്മിറ്റി തൃശ്ശൂരില്‍ വെച്ച് നടന്നത് ഒരു വര്‍ഷം മുന്‍പാണ്. എം. മുകുന്ദന്, കെ.എസ്. രവികുമാര്‍. എം.ജി. രാധാകൃഷ്ണന് എന്നിവര്‍ അവാര്‍ഡിന് പരിഗണിക്കേണ്ടവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നുള്ള ആ രാത്രിയില്‍ എം. മുകുന്ദനുമായി ഏറെ വൈകുംവരെ ഞങ്ങള്‍ സംസാരിച്ചിരുന്നു. തന്റെ ആത്മാവിന്റെ ഭാഗമായ ചിലരെക്കുറിച്ചു പറഞ്ഞ് എം. മുകുന്ദന് വിങ്ങി കരഞ്ഞു. ഒ.വി. വിജയന്, എന്‍.പി. നാരായണ പിള്ള, മാധവിക്കുട്ടി, വി.കെ. മാധവന്ക്കുട്ടി അങ്ങനെ ഒപ്പം നടന്ന പലരും യാത്രയായി എന്നു പറഞ്ഞു നിയന്ത്രിക്കാനാകാതെ ആ കരച്ചില് തുടര്‍ന്നു. ‘അതില്‍ ഇനി ഞാനും അവനും മാത്രം’ എന്ന മുകുന്ദേട്ടന്റെ പറച്ചില് കൂടെയുള്ള ഞങ്ങളുടെ കണ്ണു നനയിച്ചു. അവന് എന്ന് മുകുന്ദേട്ടന് ഉദ്ദേശിച്ചത് കുഞ്ഞബ്ദുള്ളയെയാണ്. മുകുന്ദനും കുഞ്ഞിക്കയും തമ്മില്‍ സഹോദരസ്നേഹമല്ല, അതിനും അപ്പുറമുള്ള ദൃഢതയുള്ള ബന്ധമാണുണ്ടായിരുന്നത്. ഇത്രമാത്രം ആഴമുള്ള ബന്ധം അതിനുമുമ്പോ അതിനുശേഷമോ വന്ന എഴുത്തു തലമുറയില്‍ ഉണ്ടോ എന്ന് സംശയമാണ്.
കുഞ്ഞിക്ക ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ നിഷ്കളങ്കതകൊണ്ടു മാത്രമാണ്. അത് മനസ്സിലാക്കാന്‍ അത്ര നിഷ്കളങ്കതയുള്ളവരല്ലല്ലോ ചുറ്റും. മതത്തിലും സമൂഹത്തിലും സാമൂഹിക ജീവിതത്തിലും രാഷ്ട്രീയത്തിലും നിഷ്കളങ്കത അപഹാസ്യമാകുന്നത് കലികാലവൈഭവം.