മന്ത്രിക്കെതിരെ ‘സെക്‌സ്‌ടേപ്പ്’ ആരോപണം: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
47

ഗാസിയാബാദ്: ഛത്തീസ് ഗഢ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ബ്ലാക്മെയില്‍ ചെയ്തുവെന്ന് ആരോപിച്ച് മൂതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഗാസിയാബാദിലെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് അറസ്റ്റ് ചെയ്തത്.

ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്ന വിനോദ് വര്‍മ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയിലെ അംഗം കൂടിയാണ്. അമര്‍ ഉജ്വല, ബി.ബി.സി എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്.

ഛത്തീസ് ഗഢ് പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് കുമാറിനെതിരേ സെക്സ്ടേപ്പുകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി സിഡികളും പെന്‍ഡ്രൈവുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വിനോദ് വര്‍മയ്ക്കെതിരെ മന്ത്രിയുടെ ഒരു സഹായിയുടെ പരാതിയുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. മന്ത്രിക്കെതിരേ സിഡി നിര്‍മിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.

വിനോദ് വര്‍മ പ്രതിപക്ഷമായ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്.