മെര്‍സല്‍ ഒരു സിനിമ മാത്രമാണ്; യഥാര്‍ത്ഥ സംഭവമല്ലെന്ന് കോടതി

0
45


ചെന്നൈ: വിജയ് ചിത്രം മെര്‍സല്‍ ഒരു സിനിമ മാത്രമാണെന്നും യഥാര്‍ത്ഥ സംഭവമല്ലെന്നും മദ്രാസ് ഹൈക്കോടതി. മെര്‍സലിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. അഡ്വ. എ.അശ്വത്ഥമന്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജി കോടതി തള്ളി.

സിനിമയിലുള്ളത് ജീവിതമല്ല. സിനിമയെ സിനിമയായി കാണണം. സിനിമയില്‍ എത്രയോ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. അവയെല്ലാം ജനങ്ങളെ ബാധിക്കുന്നുണ്ടെന്ന് പറയാനാകില്ല. രാജ്യത്ത് എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുണ്ട്. പ്രേക്ഷകരാണ് സിനിമയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അന്തിമവിധി തീരുമാനിക്കുന്നതെന്നും കോടതി പറഞ്ഞു.

രാജ്യത്തെ സാമൂഹ്യാവസ്ഥകളില്‍ ശരിക്കും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ ‘മെര്‍സല്‍’ പോലുള്ള സിനിമയ്‌ക്കെതിരെയല്ല പരാതി നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. ചില സിനിമകളില്‍ പണക്കാരില്‍ നിന്നു പണം തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്കു നല്‍കുന്ന നായകന്മാരുണ്ട്. അവര്‍ക്കെതിരെയും കേസു കൊടുക്കുമോ എന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ഇന്ത്യയെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്ക് സേവന നികുതിയെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന രംഗങ്ങളുണ്ടെന്ന് കാണിച്ചാണ് മെര്‍സലിനെതിരെ ഹര്‍ജി നല്‍കിയത്.

മെര്‍സല്‍ റിലീസായതു മുതല്‍ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളെ പരിഹസിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജവിജയിനെ ജോസഫ് വിജയ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.