മേഘാലയ മുഖ്യമന്ത്രി പണം മോഷ്ടിക്കുന്നയാള്‍; കണ്ണന്താനം വീണ്ടും വിവാദത്തില്‍

0
47

സോഹ്‌റ: താന്‍ ജനങ്ങളുടെ പണം മോഷ്ടിക്കുന്നുവെന്ന കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആരോപണം അന്വേഷിക്കണമെന്ന് മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മ പറഞ്ഞു. തനിക്കെതിരെ അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ പ്രസ്താവന അസംബന്ധമാണ്. എന്നാലും അത് നിയമപരമായി അന്വേഷിക്കുമെന്ന് സാങ്മ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സോഹ്റയില്‍ നടത്തിയ റാലിയിലാണ് കണ്ണന്താനത്തിന്റെ ആരോപണം. മേഘാലയിലെ ജനങ്ങള്‍ക്കുവേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യുമെന്ന് സാങ്മ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതെല്ലാം ജനങ്ങളുടെ പണം മോഷ്ടിക്കാന്‍ വേണ്ടിയാണ്. ഇത് തുടരാന്‍ അനുവദിക്കില്ലെന്നുമാണ് കണ്ണന്താനം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ലരീതിയിലുള്ള ഭരണമാണ് കാഴ്ച വയ്ക്കുന്നത്. ബിജെപി ജനങ്ങളോട് നടത്തിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. ഇത് പാവങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മേഘാലയിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസവും യുവാക്കള്‍ക്ക് തൊഴിലുമാണ് ആവശ്യം. ഇത് യാഥാര്‍ഥ്യമാകണമെങ്കില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം. അഴിമതി രഹിതമായ ഭരണത്തില്‍ മാത്രമേ അവസരങ്ങള്‍ ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.