മോദി തരംഗം പഴങ്കഥ; രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനെന്ന് ശിവസേന

0
60


മുംബൈ: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ രൂക്ഷമായ പ്രതികരണവുമായി ശിവസേന. നരേന്ദ്ര മോദി തരംഗം മാഞ്ഞു പോയെന്നും രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്നും ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. ജി.എസ്.ടി പ്രതിഷേധവും സാമ്പത്തിക രംഗത്തെ തളര്‍ച്ചയും ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേന നേതാവിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ്. പപ്പു എന്ന് അദ്ദേഹത്തെ വിളിക്കുന്നത് തെറ്റാണ്. ജനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി. അവര്‍ ആരെ വേണമെങ്കിലും പപ്പുവാക്കി മാറ്റും. ജി.എസ്.ടിക്കെതിരെ ഗുജറാത്തില്‍ ഉടലെടുത്തിരിക്കുന്ന ജനരോഷം തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടിയാകുമെന്നതിന്റെ സൂചനയാണിത്.

കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ മുന്നണിയുടെ ഭാഗമാണെങ്കിലും ശിവസേനയും ബി.ജെ.പിയും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ബി.ജെ.പിക്കെതിരെ-പ്രധാനമായും മോദിക്കെതിരെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയടക്കം നിരവധി നേതാക്കള്‍ നേരത്തെയും രംഗത്തെത്തിയിരുന്നു.