മോഹന്‍ലാലിന്റെ കനിവിനായി ആരാധകന്‍ പോലീസ് സ്‌റ്റേഷനില്‍ കാത്തിരിക്കുന്നു

0
118

കണ്ണൂര്‍: മോഹന്‍ലാല്‍ ചിത്രമായ ‘വില്ലന്‍’ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതില്‍ പോലീസ് പിടിയിലായ ആരാധകന്‍ സ്റ്റേഷനില്‍ ലാലിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നു. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സിനിമ കാണുന്നതിന്റെ തിരക്കിലാണെന്നും, തിരക്കൊഴിഞ്ഞ ശേഷം അറിയിക്കാമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പോലീസിനെ അറിച്ചു.

‘വില്ലന്‍’ ആദ്യഷോ കാണാന്‍ അതിരാവിലെ തീയറ്ററിലെത്തിയ ചെമ്പന്തൊട്ടി സ്വദേശിയാണു കണ്ണൂര്‍ സവിത തിയറ്ററില്‍ നിന്നു പിടിയിലായത്. മൊബൈലില്‍ പടം പകര്‍ത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി പൊലീസില്‍ അറിയിക്കുകയായിരുന്നു.

ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലിനെ നായകനാക്കിയ ‘വില്ലന്‍’ പടം ഇന്നാണു റിലീസ് ചെയ്തത്. ഫാന്‍സ് ഷോ രാവിലെ എട്ടിനു സവിത തിയറ്ററില്‍ ഏര്‍പ്പാടാക്കിയിരുന്നു. ഈ സമയത്താണ് യുവാവ് ആവേശം മൂത്തു മൊബൈലില്‍ പകര്‍ത്തിയത്. പടത്തിന്റെ ടൈറ്റില്‍ ഉള്‍പ്പെടെ കഷ്ടിച്ച് ഒന്നര മിനിറ്റ് ദൃശ്യങ്ങള്‍ മാത്രമാണു യുവാവിന്റെ മൊബൈലിലുള്ളത് എന്നു പോലീസ് പറയുന്നു.

എന്നാല്‍ ഇഷ്ടതാരത്തിന്റെ പടം ആദ്യഷോ കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തില്‍ ചെയ്തു പോയതാണെന്നും, പടം ചോര്‍ത്താനോ വ്യാജപകര്‍പ്പുണ്ടാക്കാനോ ഒന്നും യുവാവിനു പരിപാടിയുണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സംവിധായകനുമായി ഫോണില്‍ ബന്ധപ്പെട്ടു. മോഹന്‍ലാല്‍ സിനിമ കാണുകയാണ് അതു കഴിഞ്ഞു തീരുമാനം അറിയിക്കാം എന്നാണു ലഭിച്ച മറുപടി.