ന്യൂഡല്‍ഹി: യു.പിയില്‍ സ്വിസ് യുവതിയും ആണ് സുഹൃത്തും ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഞ്ചുപേര്‍ പൊലീസ് പിടിയിലായി. യു.പിയിലെ ഫത്തേപ്പുര്‍ സിക്രിയിലാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള സഞ്ചാരികളായ യുവതിയും യുവാവും ക്രൂരമായി ആക്രമിക്കപ്പെട്ടത്.
രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാണ് സുഷമ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ഞായറാഴ്ചയാണ് താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ സ്വിസ് യുവതിക്കും സുഹൃത്തിനും നേരെ ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ആക്രമണമുണ്ടായത്. ക്വെന്റിന്‍ ജെര്‍മി ക്ലെര്‍ക്ക് (24) സുഹൃത്തായ മാരി ഡ്രോക്സ്(24) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. അഞ്ചംഗ സംഘം വടി കൊണ്ടും കല്ലുകള്‍ കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ക്ലാര്‍ക്കിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയോട്ടിയില്‍ പൊട്ടലും തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും കേള്‍വിശക്തിക്കു തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും ഡോകടര്‍മാര്‍ അറിയിച്ചു. ഇടതുകൈ ഒടിഞ്ഞ മാരി ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു. സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശ പ്രകാരം വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
ക്വെന്റിനും സുഹൃത്തായ മാരി ഡ്രോക്സും സെപ്തംബര്‍ 30നാണ് ലൂസിയാനയില്‍ നിന്നും ആഗ്രയിലെത്തിയത്. താജമഹല്‍ സന്ദര്‍ശത്തിനു ശേഷം ചരിത്രപ്രാധാന്യമുള്ള ഫത്തേപ്പുര്‍ സിക്രി സന്ദര്‍ശിക്കുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഫത്തേപ്പുര്‍ സിക്രിയിലെ റെയില്‍വേ സ്റ്റേഷനു സമീപം നില്‍ക്കുകയായിരുന്ന ഇവരെ അഞ്ച് യുവാക്കള്‍ ശല്യപ്പെടുത്തി. ബലം പ്രയോഗിച്ച് ഇവരുടെ വഴി തടയുകയും മാരിയോട് ഒപ്പം നിന്ന് സെല്‍ഫിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് മാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. രക്ഷപെടാന്‍ നോക്കിയ ഇവരെ അഞ്ചംഗ സംഘം ഒരു മണിക്കൂറോളം നേരമാണ് പിന്തുടര്ന്ന് ആക്രമിച്ചത്. തുടര്‍ന്ന് ഇവരെ സംഘത്തിലൊരാള്‍ വടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
താഴെ വീഴുന്നതു വരെ തന്നെ മര്‍ദ്ദിച്ചതായി ക്ലാര്‍ക്ക് ഉദ്യോഗസ്ഥരോട് പറഞ്ഞു. അവര്‍ പറഞ്ഞതു ഞങ്ങള്‍ക്ക് മനസിലായില്ല. മാരിയെ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത് തന് എതിര്‍ത്തതാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് ക്ലാര്‍ക്ക പറഞ്ഞു. എന്നാല്‍ പ്രദേശത്തുണ്ടായിരുന്ന ആളുകള്‍ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതല്ലാതെ സഹായത്തിനെത്തിയില്ലെന്നും ക്ലാര്‍ക്ക് ഉദ്യോഗസ്ഥരെ അറിയിച്ചു.
സംഭവത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണ് ഇവര്‍ ആവശ്യപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. യു.പി-രാജസ്ഥാന് അതിര്‍ത്തിയില്‍ നിന്നാണ് പ്രതികള്‍ അറസ്റ്റിലായത്. അഞ്ചംഗ സംഘത്തിലെ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.