ഹൃദയം തൊട്ടറിഞ്ഞ ഭിഷഗ്വരന്‍

0
145

എഴുത്തുകാരനായ സജീവ് ചക്രപാണി പുനത്തിലിനെ ഓര്‍മ്മിക്കുന്നു

ബഷീറും തകഴിയും കേശവദേവുമൊക്കെ നിറഞ്ഞാടിയിരുന്ന മലയാള സാഹിത്യത്തിലേക്ക് അന്നത്തെ ഇളം മുറക്കാരായ, കാക്കനാടനും ഒ.വി.വിജയനും എം. മുകുന്ദനും സക്കറിയയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊക്കെ നുഴഞ്ഞുകയറ്റക്കാരെപോലെ കടന്നു വന്നപ്പോള്‍ മലയാള സാഹിത്യം ആകെ ഒന്നു പൂത്തുലഞ്ഞു. അത് മലയാളത്തിന്റെ വസന്തകാലമായിരുന്നു. ആധുനിക മലയാള സാഹിത്യം പിറക്കുകയായിരുന്നു.

ആദ്യമായിക്കിട്ടിയ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് വാങ്ങാനായി സാധാരണക്കാരനായ ഒരു യുവഡോക്ടര്‍ കോഴിക്കോട്ട് നിന്നും തൃശൂര്‍ക്ക് വണ്ടി കയറുമ്പോള്‍, അന്നാരും അറിഞ്ഞിരുന്നില്ല അത് മലയാള സാഹിത്യത്തെ മാറ്റി മറിക്കാന്‍ പോന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയായിരുന്നു എന്ന്.
പിന്നീട് ചെറുകഥകളിലൂടെയും നോവലുകളിലുടെയും ഒക്കെ കടന്നു വന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള ആസ്വാദനത്തിന്റെ പുതിയൊരു ചക്രവാളമാണ് മലയാള വായനക്കാര്‍ക്ക് തുറന്നുകൊടുത്തത്.
ബഷീറിയന്‍ സാഹിത്യത്തോട് അടുപ്പമുണ്ടായിരുന്നതുകൊണ്ടാകാം, പ്രണയത്തോടായാലും വിരഹത്തോടായാലും അഥവാ മരണത്തോടായാല്‍പ്പോലും എഴുതുമ്പോള്‍ വാക്കുകളില്‍ നര്‍മം നിറഞ്ഞു നിന്നിരുന്നത്.

ഇത്രയും കൃത്രിമത്വം ഇല്ലാത്തതും സങ്കീര്‍ണമല്ലാത്തതുമായ ഭാഷ, ആധുനിക കഥാകാരന്മാര്‍ ക്കാര്‍ക്കും തന്നെ വഴങ്ങുന്നതല്ലായിരുന്നു.അത് പുനത്തി ലിന്റെ മാത്രം സ്വന്തമായിരുന്നു.
വടക്കന്‍ ഗ്രാമീണതയുടെ മുഴുവന്‍ സൗന്ദര്യവും ഭാവുകത്വവും പുനത്തിലിന്റെ കഥകളില്‍ നിറഞ്ഞു നിന്നിരുന്നു. വടക്കേമല ബാറിന്റെ സവിശേഷ കാലഘട്ടത്തിന്റെയും സംസ്‌കാരത്തിന്റെയും മതേതരമായ മനുഷ്യാനുഭവത്തിന്റെയും രേഖയായിരുന്നു സ്മാരകശിലകള്‍.
അതു കൊണ്ടു തന്നെയാവാം കേന്ദ്ര-കേരള അക്കാഡമി അവാര്‍ഡുകള്‍ ആകൃതിയെത്തേടിയെത്തിയത്.
രണ്ടു സാഹിത്യകാരന്മാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ സംവദിക്കാന്‍ പോലും വിമുഖത കാട്ടുന്ന ഇക്കാലത്ത് നമുക്കത്ഭുതത്തോടെ ഓര്‍ക്കാം പുനത്തിലും സേതുവും ചേര്‍ന്ന് ,’ നവഗ്രഹങ്ങളുടെ തടവറ ‘ എന്ന നോവല്‍ സൃഷ്ടിച്ചത്.

മലബാറിന്റെ ഭാഷകൊണ്ടും ജീവിതം കൊണ്ടും സാഹിത്യത്തെനവീകരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള കോഴിക്കോട്ടുകാര്‍ക്കെന്നും – കുഞ്ഞിക്ക – യായിരുന്നു.
സ്വന്തം കാമനകളും മോഹഭംഗങ്ങളും എഴുത്തിലൂടെ തുറന്നുകാട്ടാന്‍ മടിയില്ലാതിരുന്ന കുഞ്ഞബ്ദുള്ള കൃത്രിമത്വം തൊട്ടു തീണ്ടാത്ത എഴുത്തുകാരനായിരുന്നു.
അടുക്കളയെന്ന മഹാ ലോകത്തേക്ക് കട്ടുതിന്നാനെത്തുന്ന പൂച്ചക്കുട്ടി പോലും പുനത്തിലിന്റെ കഥകളില്‍ വലിയ കഥാപാത്രങ്ങളായി.

ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.
‘എന്റെ അമ്മ മരിച്ചു. അന്നു ഞാന്‍ കരഞ്ഞില്ല. കാരണം, മരണം എന്താണന്ന് അന്നെനിക്കറിയില്ലായിരുന്നു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മരിച്ചു. പക്ഷെ, അന്നും ഞാന്‍ കരഞ്ഞില്ല. കാരണം, മരണം – അതെന്താണന്ന് അന്നു ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
ഒടുവില്‍ കഥാകാരനും മരണത്തിനു കീഴടങ്ങിയപ്പോള്‍ നമുക്കങ്ങനെ പറയാന്‍ കഴിയാത്തതെന്തേ…..