അഡ്വക്കേറ്റ് ജനറലിനെതിരെ രൂക്ഷ വിമര്‍ശനവുമായി റവന്യൂ മന്ത്രി

0
30

കാസര്‍കോഡ്: എജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. താന്‍ കൊടുത്ത കത്തിന് എജി മറുപടി നല്‍കിയില്ലെന്നും ഇങ്ങയാണോ പ്രതികരിക്കേണ്ടതെന്ന് എജി ആലോചിക്കണമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

കോടതയില്‍ എന്ത് നിലപാടെടുക്കണം എന്നത് എജിയുടെ അധികാരമായിരിക്കാം. എന്നാല്‍ റവന്യൂ വകുപ്പിന്റെ നിലപാട് വകുപ്പാണ് തീരുമാനിക്കുന്നത്. റവന്യൂ വകുപ്പിന്റെ അധിപന്‍ താനാണ്. എജിയുടെ നിലപാടിന് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും അഡി.എജി തന്നെ കേസ് വാദിക്കണമെന്ന നിലപാടാണ് റവന്യൂ വകുപ്പിന് ഇപ്പോഴുമുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കയ്യേറ്റം സംബന്ധിച്ച കേസുകളില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോമസ് ചാണ്ടിയുടെ കേസില്‍ നിന്ന് സിപിഐ നോമിനിയായ രഞ്ജിത്ത് തമ്പാനെ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് മാറ്റുകയും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനെ കേസ് ഏല്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് രഞ്ജിത് തമ്പാനെ തന്നെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി എജിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ റവന്യു മന്ത്രിയുടെ നിര്‍ദേശം എജി തള്ളുകയായിരുന്നു.

അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും എജി വ്യക്തമാക്കിയിരുന്നു. എജിയുടെ ഈ നിലപാടില്‍ റവന്യൂ വകുപ്പ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് മന്ത്രിയുടെ പരസ്യ വിമര്‍ശനം.