ന്യൂഡല്‍ഹി: ആളുകളുടെ പണമിടപാടിന് ഏറെ പ്രയോജനകരമായിരുന്ന ഒരു സംവിധാനമായിരുന്നു എടിഎം. എന്നാല്‍ എടിഎമ്മുകളുടെയും കാലം കഴിയാറായി എന്ന സൂചനകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.
പണമെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് എടിഎമ്മുകള്‍ വ്യാപകമായി പൂട്ടുന്നു. ജൂണിനും ഓഗസ്റ്റിനുമിടയ്ക്ക് പൂട്ടിയത് 358 എടിഎമ്മുകളാണ്. നാലുവര്‍ഷം മുന്‍പ് വരെ എടിഎമ്മുകളുടെ എണ്ണം പ്രതിവര്‍ഷം 16.4 ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത് 3.6 ശതമാനമായി കുറഞ്ഞു.
നോട്ട് നിരോധനത്തിന് ശേഷം എടിഎം ഉപയോഗത്തില്‍ കുറവുണ്ടായതാണ് മറ്റൊരു കാരണം. രാജ്യത്തെ ഏറ്റവും വലിയ എടിഎം ശൃംഖലയുള്ള എസ്ബിഐ ഈ വര്‍ഷം ഓഗസ്റ്റില്‍ എടിഎമ്മുകളുടെ എണ്ണം 59,291 ല്‍ നിന്ന് 59,200 ആയി കുറച്ചു. എച്ച്ഡിഎഫ്സി 12,230 നിന്ന് 12,225 ആയും പഞ്ചാബ് നാഷണല്‍ ബാങ്ക് 10,502 ല്‍ നിന്ന് 10,083 ആയി കുറച്ചു.
ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരമായ മുംബൈയില്‍ 35 ചതുശ്ര അടി വിസ്തീര്‍ണമുള്ള മുറിക്ക് 40,000 രൂപവരെയാണ് പ്രതിമാസം വാടക നല്‍കേണ്ടത്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ 8000 മുതല്‍ 15,000 രൂപവരെയും ചെലവ് വരുന്നുണ്ട്. മാത്രമല്ല സുരക്ഷാ ജീവനക്കാരുടെ ചെലവ്, കറന്റ് ബില്ല് തുടങ്ങിയ പരിപാലന ചെലവുകളുമുണ്ട്. ഇതിനെല്ലാം 30,000 രൂപ മുതല്‍ ഒരുലക്ഷം വരെ ചെലവ് വരുമെന്നാണ് ബാങ്കുകള്‍ പറയുന്നത്.