തൊടുപുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കൈയ്യേറ്റ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഡി.അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍ക്കാരിന് മുകളിലല്ല അഡ്വക്കേറ്റ് ജനറലെന്ന് കാനം പറഞ്ഞു. നിയമം അനുസരിച്ചേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും തൊടുപുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഭരണ ഘടനാ സൃഷ്ടിയാണ് എജി. പക്ഷെ നിയമം അനുസരിച്ചാണ് എജി പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തിയാല്‍ മതിയെന്നും കാനം രാജേന്ദ്രന് പറഞ്ഞു. മന്ത്രിമാരെ പുറത്താക്കണമെന്നതല്ല തങ്ങളുടെ പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നത്, അത്തരം ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തോമസ് ചാണ്ടി തെറ്റ് ചെയ്തെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാവുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കാനം വ്യക്തമാക്കി.
തോമസ് ചാണ്ടിയുടെ കേസില്‍ നിന്ന് സിപിഐ നോമിനിയായ രഞ്ജിത്ത് തമ്പാനെ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് മാറ്റുകയും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനെ കേസ് ഏല്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് രഞ്ജിത് തമ്പാനെ തന്നെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി എജിക്ക് കത്ത് നല്കി. എന്നാല്‍ റവന്യു മന്ത്രിയുടെ നിര്‍ദേശം എജി തള്ളുകയായിരുന്നു. അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും എജി വ്യക്തമാക്കിയിരുന്നു. ഇതാണ് കാനത്തിന്റെ വിമര്‍ശനത്തിനിടയാക്കിയത്.
നേരത്തെ റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്കുര്യനെയും കാനം വിമര്‍ശിച്ചു. റവന്യൂ മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറി എന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം.