എസ്‌ഐ വനിതാ ഹോസ്റ്റലില്‍ എത്തിയത് ചോദ്യം ചെയ്ത 16 കാരന് ക്രൂരമര്‍ദ്ദനം

0
54

കോഴിക്കോട്: വനിതാ ഹോസ്റ്റലിനു മുന്നില്‍ രാത്രിസമയം എസ്‌ഐയെ കണ്ട് ചോദ്യം ചെയ്ത 16 കാരന് ക്രൂരമര്‍ദ്ദനം. പൊലീസ് മര്‍ദ്ദനമേറ്റ പതിനാറുകാരന്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികില്‍സയിലാണ്. മര്‍ദ്ദനത്തില്‍ കഴുത്തിനും ഇടുപ്പെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം താമസിക്കുന്ന പുരുഷോത്തമന്റെ മകന്‍ അജയ്ക്കാണ് മര്‍ദ്ദനമേറ്റത്.

നടക്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് വച്ച് എസ്‌ഐയെ കണ്ടത് അജയ് ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത എസ്‌ഐ അജയ്‌യെ മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച എസ്‌ഐ നെഞ്ചില്‍ ഇടിച്ചെന്നും അജയ് ആരോപിക്കുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്‌ഐയ്‌ക്കെതിരെയാണ് ആരോപണം.

മര്‍ദ്ദനത്തെ തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും എസ്‌ഐക്കെതിരായ പരാതി സ്വീകരിക്കാന്‍ പൊലീസ് തയാറായില്ലെന്ന് അജയ്യുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രതിശ്രുത വധുവിനെ കാണാനാണ് വനിതാ ഹോസ്റ്റലില്‍ എത്തിയതെന്നാണ് എസ്‌ഐയുടെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ ഡിജിപി ലോകനാഥ് ബെഹ്‌റ റിപ്പോര്‍ട്ട് തേടി.