ഐ എസിനെ പേടിയില്ല ; അവരില്‍ നിന്ന് മോശമായി ഒന്നുമുണ്ടായില്ലെന്ന് ടോം ഉഴുന്നാലില്‍

0
48

കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലിന് കോഴിക്കോട് പൗരാവലിയുടെ ആദരം. നാടിന്റെ പ്രാര്‍ഥന ദൈവ സന്നിധിയില്‍ എത്തിയതിന്റെ തെളിവാണ് തന്റെ മോചനമെന്ന് ഉഴുന്നാലില്‍ പറഞ്ഞു.

തടവിലാക്കിയവരെക്കുറിച്ചു മോശം പറയാത്തതില്‍ പലര്‍ക്കും തന്നോടു പരിഭവമുണ്ട്. മോശമായി പറയാന്‍ ഒന്നുമില്ല, അത് പേടിച്ചിട്ടോ എന്തെങ്കിലും സിന്‍ഡ്രോം ഉള്ളതു കൊണ്ടോ അല്ല. രണ്ടു കന്യാസ്ത്രീകളെ തന്റെ കണ്‍മുന്നിലാണ് അവര്‍ വധിച്ചത്. എന്നിട്ടും അവര്‍ തന്നെ ഉപദ്രവിക്കാതിരുന്നെങ്കില്‍ താന്‍ വിശ്വസിക്കുന്ന ദൈവം അവരുടെ ഉള്ളില്‍ സ്പര്‍ശിച്ചു എന്നാണ് അതിന്റെ അര്‍ഥം.

ഭാരത സഹോദരങ്ങളുടെയും ലോകമെങ്ങുമുള്ള വിശ്വാസികളുടേയും പ്രാര്‍ഥന ഇതിനു തുണയായി. വിഡിയോയില്‍ കണ്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കും മുന്‍പ് പേടിക്കേണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. വിഡിയോയില്‍ പറഞ്ഞ വാക്കുകള്‍ അവര്‍ പറയിച്ചതാണ്. അല്ലാതെ, അവര്‍ ചെയ്ത ദ്രോഹം താന്‍ മറച്ചു വച്ചു സംസാരിക്കുകയല്ല. പ്രമേഹമുള്ളതു കൊണ്ടാണ് ശരീരം ക്ഷീണിച്ചതെന്നും അദ്ദേഹം പറഞ്ഞു.