ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് അബ്കാരി നിയമം ഭേദഗതി ചെയ്‌തേക്കും

0
45

തിരുവനന്തപുരം; ഓണ്‍ലൈന്‍ വഴിയുള്ള മദ്യ വില്‍പ്പനയ്ക്ക് നിലവിലെ അബ്കാരി നിയമങ്ങളില്‍ ഭേഗദതി വരുത്തണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ പഠനത്തിനു വിദഗ്ധ സമിതിയെ നിയമിക്കാമെന്നും ബെവ്‌കോ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഓണ്‍ലൈന്‍ മദ്യ വിതരണത്തിന്റെ സാധ്യതകളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ സര്‍ക്കാര്‍ ബവ്‌റിജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ ഉപഭോക്താക്കള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ക്യൂ സമ്പ്രദായം അപരിഷ്‌കൃതമാണെന്ന വിലയിരുത്തല്‍ വ്യാപകമായിരുന്നു. ഇതേതുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിനുള്ള സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് ബെവ്‌കോ അനുകൂല നിലപാടെടുത്തതോടെ ഫയല്‍ എക്‌സൈസ് കമ്മിഷണറുടെ തീരുമാനത്തിനായി അയച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക എളുപ്പമല്ലെന്നാണ് ബെവ്‌കോയുടെ വിലയിരുത്തല്‍. അബ്കാരി നിയമ പ്രകാരം ബെവ്‌കോ മദ്യശാലകളുടെയും ബാറുകളുടേയും അതിര്‍ത്തിക്കുള്ളില്‍ മാത്രമേ മദ്യം വിതരണം ചെയ്യാന്‍ കഴിയൂ. പുറത്ത് മദ്യംവിതരണം ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം. ആവശ്യക്കാര്‍ക്കു വീടുകളില്‍ മദ്യം എത്തിച്ചു നല്‍കേണ്ടിവരും. ഇതിനു പ്രത്യേക വിതരണ സംവിധാനം ഏര്‍പ്പെടുത്തണം. ജീവനക്കാരെ നിയമിക്കണം. നിയമം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ നിരീക്ഷണ സംവിധാനവും വേണ്ടിവരും. കൃത്യമായി പഠിച്ചശേഷം തീരുമാനമെടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. ചെറിയ പാളിച്ചപോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന തിരിച്ചറിവിലാണിത്.

എക്‌സൈസ് കമ്മിഷണറുടെ നിലപാട് അറിഞ്ഞശേഷം മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതിനുശേഷം എല്‍ഡിഎഫിലും ചര്‍ച്ച ചെയ്തതിനുശേഷമേ തീരുമാനമുണ്ടാകൂ.