കൊച്ചി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കേരള മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിയു തമ്മിലുള്ള പാലമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം വിട്ട മറ്റാരോടും കാണിക്കാത്ത സൗഹൃദം കണ്ണന്താനത്തോട് കാണിക്കുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് സിപിഎം വിട്ടുപോയവരെ എങ്ങനെയാണ് പിണറായി വിജയനും സിപിഎമ്മും കൈകാര്യം ചെയ്തിരുന്നത്. ചന്ദ്രശേഖരനുണ്ടായ അനുഭവമറിയാം, കുലംകുത്തികളെന്ന് വിളിച്ച് പാര്‍ട്ടി വിട്ടവരെ ആക്ഷേപിച്ചതറിയാം, എല്‍ഡിഎഫ് വിട്ടുപോയ എന്‍.കെ.പ്രേമചന്ദ്രനെ പരനാറി എന്നുവിളിച്ചാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി സംസാരിച്ചത്.
പക്ഷേ, അഞ്ചുകൊല്ലം സിപിഎമ്മിന്റെ എംഎല്‍എയായിട്ട് ബിജെപിയിലേക്ക് പോയ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പറ്റി മുഖ്യമന്ത്രിക്ക് ഒരു പരാതിയുമില്ല. മാത്രമല്ല എന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നാണ് പറയുന്നത്. അയാള്‍ കുലംകുത്തിയല്ല, അയാള്‍ അമ്പത്തിരണ്ട് വെട്ടുവെട്ടി കൊല്ലേണ്ടയാളല്ല, അയാള്‍ പരനാറിയുമല്ല. അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ബിജെപി നേതൃത്വവും കേരളത്തിലെ മുഖ്യമന്ത്രിയും സിപിഎമ്മും തമ്മിലുള്ള പാലമായിട്ട് പ്രവര്‍ത്തിക്കുകയാണ്.
ബിജെപി കേരളത്തിലെ മുഖ്യപ്രതിപക്ഷമാകാനാണ് ശ്രമിക്കുന്നത്. യുഡിഎഫ് ദുര്‍ബലമായാലും ബിജെപി വളരണമെന്ന് സിപിഎമ്മും ആഗ്രഹിക്കുന്നു. സിപിഎമ്മും ബിജെപിയും തമ്മില്‍ പരസ്യമായ പോരാട്ടം മാത്രമേ ഉള്ളൂവെന്നും രഹസ്യമായി യോജിപ്പിലാണെന്നും വി.ഡി.സതീശന് ആരോപിച്ചു.