കെപിസിസി പട്ടിക; വിഷ്ണുവിനെ ഒഴിവാക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി, തന്നെ ഒഴിവാക്കിയോ എന്ന് അറിയില്ലെന്ന് വിഷ്ണുനാഥ്

0
41

തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ നിന്ന് പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി. എഐസിസി സെക്രട്ടറിയാണ് വിഷ്ണുനാഥെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം കെപിസിസി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയോ എന്ന് അറിയില്ലെന്ന് പി.സി.വിഷ്ണുനാഥ് അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷിനെതിരെ പ്രതികരണവുമായാണ് പി.സി.വിഷ്ണുനാഥ് രംഗത്തെത്തിയത്. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. 24 വയസ് മുതല്‍ താന്‍ എഴുകോണ്‍ ബ്ലോക്കില്‍ നിന്നുള്ള കെപിസിസി അംഗമാണ്. അത് തുടരണോയെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ ഉന്നത നേതാക്കളുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.

കൊല്ലത്തെ എഴുകോണ്‍ ബ്ലോക്കില്‍ നിന്ന് വിഷ്ണുനാഥിന്റ പേര് ഒഴിവാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ഹൈക്കമാന്‍ഡിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കൊല്ലത്തെ എഴുകോണ്‍ ബ്ലോക്കില്‍ നിന്ന് പി.സി വിഷ്ണുനാഥിന്റ പേരാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ വിഷ്ണുനാഥിനെ ഒഴിവാക്കി പകരം തന്റ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റ ആവശ്യം. പുതുക്കിയ പട്ടികയിലും വിഷ്ണുനാഥിന്റ പേര് കണ്ടതോടെ കൊടിക്കുന്നില്‍ പരാതിയുമായി രാഹുല്‍ഗാന്ധിയെ സമീപിച്ചു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കെതിരെ കടുത്തവിമര്‍ശനം ഉന്നയിച്ചത്. എഐസിസി സെക്രട്ടറി കൂടിയായ വിഷ്ണുനാഥിനെ ഒഴിവാക്കുന്നത് എങ്ങനെയാണന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ചോദ്യം. ഒഴിവാക്കിയാല്‍ കടുത്ത നിലപാടെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതുമാണ്. കൊല്ലം ഡി.സി.സി പ്രസിഡന്റായിരുന്നു വി. സത്യശീലനായിരുന്നു നേരത്തെ എഴുകോണില്‍ നിന്നുള്ള കെ.പി.സി.സി അംഗം. അദ്ദേഹം മരിച്ച ഒഴിവിലാണ് വിഷ്ണുനാഥിനെ ഉള്‍പ്പെടുത്തിയത്.

പട്ടിക പുതുക്കിയപ്പോള്‍ വട്ടിയൂര്‍ക്കാവിലെ ഉള്ളൂര്‍ ബ്ലോക്കില്‍ ശശിതരൂര്‍ എം.പിയെ ഒഴിവാക്കി മണ്ഡലത്തിന് പുറത്തുള്ളയാളെ ഉള്‍പ്പെടുത്തിയതാണ് കെ. മുരളീധരന്റ അനിഷ്ടത്തിന് കാരണം. ഗ്രൂപ്പ് വീതം വയ്പ് നടന്നതിനാല്‍ രാഷ്ട്രീയ കാര്യസമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് പുതിയ പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് മുരളീധരന്റ ആവശ്യം. കൊല്ലത്തെ അഞ്ചാലുംമൂട് ബ്ലോക്കില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവിയെ ഉള്‍പ്പെടുത്താത്തതാണ് വി.എം സുധീരനെ ചൊടിപ്പിച്ചിരിക്കുന്നത്. ഡി.സി.സി ഭാരവാഹികളെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനം.