കേസ് മാറ്റിക്കൊടുത്ത ചരിത്രം എജി ഓഫീസിനില്ല; റവന്യൂ മന്ത്രിക്ക് എജിയുടെ വിശദീകരണം

0
36

തിരുവനന്തപുരം: റവന്യൂമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് അഡ്വക്കേറ്റ് ജനറലിന്റെ വിശദീകരണം. കേസ് മാറ്റിക്കൊടുത്ത ചരിത്രം എ.ജി ഓഫീസിനില്ല. ഒരു കേസിനോടും പ്രത്യേക താല്‍പര്യവുമില്ലെന്നും ഇതൊരു പുതിയ സംഭവമാണെന്നും എ.ജി പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

എജിക്ക് താന്‍ കൊടുത്ത കത്തിന് മറുപടി നല്‍കിയില്ലെന്നും ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നും എജി ആലോചിക്കണമെന്നും റവന്യൂ മന്ത്രി പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ കേസില്‍ നിന്ന് സിപിഐ നോമിനിയായ രഞ്ജിത്ത് തമ്പാനെ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് മാറ്റുകയും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനെ കേസ് ഏല്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് രഞ്ജിത് തമ്പാനെ തന്നെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി എജിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ റവന്യു മന്ത്രിയുടെ നിര്‍ദേശം എജി തള്ളുകയായിരുന്നു.

അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും എജി വ്യക്തമാക്കിയിരുന്നു. എജിയുടെ ഈ നിലപാടില്‍ റവന്യൂ വകുപ്പ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പരസ്യ വിമര്‍ശനം.