കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കാര്‍യാത്രാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് ഇന്ന് കൊടുവളളിയില്‍ വിശദീകരണ യോഗം സംഘടിപ്പിക്കും. വിവാദം ഒഴിവാക്കാമായിരുന്നു എന്നതാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും കേന്ദ്രനയങ്ങളെ വിമര്‍ശിച്ചും കോടിയേരി നടത്തിയ ജനജാഗ്രതാ യാത്ര കൊടുവളളിയിലെ കാര്‍ യാത്രയോടെ പുതിയ വിവാദം തുറന്ന പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് നാലു മണിക്ക് കൊടുവളളിയില്‍ നടക്കുന്ന യോഗത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം അടക്കമുളള നേതാക്കള്‍ പങ്കെടുക്കും.
ജനജാഗ്രത യാത്ര വിവാദമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രാദേശിക നേതൃത്വത്തിനാണെന്നും കോടിയേരിയെ കുറ്റപ്പെടുത്താനാകില്ലെന്നും ഇന്നലെ ചേര്‍ന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി വിലയിരുത്തി. സ്വര്‍ണക്കടത്തുകേസ് പ്രതിയുടെ ആഡംബര കാര്‍ ജനജാഗ്രതാ യാത്രയ്ക്കായി ഉപയോഗിച്ചതില്‍ വീഴ്ച പറ്റിയ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎം താമരശേരി ഏരിയാ കമ്മിറ്റിയും ഇന്ന് യോഗം ചേരുന്നുണ്ട്.
അതേസമയം, കാരാട്ട് റസാഖിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന പ്രചാരണത്തെ ശക്തമായി ചെറുക്കാനാണ് സിപിഎം നീക്കം. റസാഖിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ലീഗില്‍ നിന്ന് ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നതാണ് മുസ്ലിം ലീഗിന്റെ പ്രകോപനത്തിന് കാരണമെന്നും സിപിഎം പറയുന്നു.