ന്യൂഡല്‍ഹി: തന്റെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്ന ഭാര്യയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഗര്‍ഭം അലസിപ്പിക്കാനോ ഗര്‍ഭം ഉപേക്ഷിക്കാനോ അവകാശമുണ്ടെന്ന് കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഹൈകോടതി വിധി അംഗീകരിച്ചു.
ഭാര്യയും ഭര്‍ത്താവും പിണങ്ങിക്കഴിയുന്ന സാഹചര്യത്തില്‍ ഭ്രൂണത്തെ നശിപ്പിക്കാനുള്ള ഭാര്യയുടെ തീരുമാനം ശരിയാണ് . മുതിര്‍ന്നയാളും മാതാവും കൂടിയായ സ്ത്രീ ഗര്‍ഭം ആഗ്രഹിക്കുന്നില്ല. മാനസിക പ്രശ്നമുള്ള ഒരു സ്ത്രീക്കുപോലും ഗര്‍ഭധാരണം അവസാനിപ്പിക്കാനുള്ള അവകാശമുണ്ട്.
പരാതിക്കാരായ ദമ്പതികള്‍ 1994 ലാണ് വിവാഹിതരായത്. 1995ല്‍ ഇവര്‍ക്ക് ഒരു മകന് ജനിച്ചു. ഇരുവരും തമ്മില്‍ യോജിപ്പില്ലായ്മയുണ്ടായതോടെ ഭാര്യയും മകനും 1999 മുതല്‍ ചണ്ഡീഗഡില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. പിന്നീട് ചണ്ഡീഗഡിലെ ലോക് അദാലത്ത് ദമ്പതിമാരെ പാനിപത്തിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ ഒരുമിച്ചു കഴിയാന്‍ പ്രേരിപ്പിക്കുകയും 2002 നവംബര്‍ മുതല്‍ ഇവര്‍ ഒരുമിച്ചു ജീവിച്ചുതുടങ്ങുകയും ചെയ്തു.
2003 ജനുവരിയില്‍ സ്ത്രീ വീണ്ടും ഗര്‍ഭിണിയായി. ഇതിനിടെ ഇരുവരും തമ്മിലെ പ്രശ്നങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ സ്ത്രീ ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ അവരെ ചണ്ഡിഗഢിലേക്ക് കൊണ്ടുപോയി.
ഗര്‍ഭച്ഛിദ്രത്തിനുള്ള ആശുപത്രി രേഖകളില്‍ ഒപ്പുവെക്കാന്‍ ഭര്‍ത്താവ് വിസമ്മതിച്ചുവെങ്കിലും സ്ത്രീ ചണ്ഡീഗഢ് ആശുപത്രിയില്‍ വെച്ച് ഗര്‍ഭം അലസിപ്പിച്ചു. തുടര്‍ന്നാണിയാള്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യക്കും കുടുംബത്തിനും ഡോക്ടര്‍മാര്‍ക്കുമെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തത്.