ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി

0
37

ന്യൂഡല്‍ഹി: ആഗ്രഹിക്കാത്തതോ അപ്രതീക്ഷിതമായതോ ആയ ഗര്‍ഭം അലസിപ്പിക്കാന്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് അനുസരിച്ച് സ്ത്രീക്ക് ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

തന്റെ അനുമതിയില്ലാതെ ഭാര്യ ഗര്‍ഭഛിദ്രം നടത്തിയെന്ന് ആരോപിച്ച് പഞ്ചാബ് സ്വദേശി നല്കിയ പരാതിയിലാണ് കോടതിയുടെ സുപ്രധാനവിധി. തന്നോട് പിണങ്ങിപ്പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം പോയ യുവതി തന്റെ അറിവോ സമ്മതമോ കൂടാതെ ഗര്‍ഭത്തിലുള്ള തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയത് അംഗീകരിക്കാനാവില്ലെന്നും യുവതിയുടെ മാതാപിതാക്കളും സഹോദരങ്ങളും നഷ്ടപരിഹാരം നല്കണമെന്നുമായിരുന്നു യുവാവിന്റെ ഹര്‍ജി.

ഇതേ ആവശ്യം ഉന്നയിച്ച് പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയെ ഇയാള്‍ നേരത്തെ സമീപിച്ചിരുന്നു. വിവാഹശേഷം പരസ്പരസമ്മതത്തോടെയുള്ള ശാരീരികബന്ധത്തിന് സ്ത്രീ തയ്യാറായാല്‍ അതിന്റെ അര്‍ത്ഥം ഗര്‍ഭധാരണത്തിന് അവള്‍ സന്നദ്ധയാണ് എന്നല്ലെന്ന് പരാതി തള്ളിക്കൊണ്ട് അന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

കുഞ്ഞിനെ വേണോ വേണ്ടയോ എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ് അതിനുള്ള അവകാശം അവര്‍ക്കുണ്ട്. ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചെടുക്കാനുള്ള ഉപകരണമല്ല സ്ത്രീശരീരമെന്നും ഗര്‍ഭധാരണത്തിനും പ്രസവത്തിനും മാനസികമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഓരോ സ്ത്രീക്കും അവകാശമുണ്ടെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

ഹൈക്കോടതിയുടെ നിലപാട് ശരിവയ്ക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്.
കുഞ്ഞിനെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവകാശമുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീകള്‍ക്ക് പോലും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.