ന്യൂഡല്‍ഹി: ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഗുജറാത്ത് തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സൂചനകള്‍. ഈ മാസം അവസാനം രാഹുലിനെ അധ്യക്ഷനാക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനം ഉണ്ടാകുവെന്നാണ് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന് വ്യക്തമാക്കി.
അതേസമയം മോദി തരംഗം അവസാനിച്ചെന്നും ഇന്ത്യയെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനാണെന്നും പ്രശംസിച്ച ശിവസേന വക്താവ് സഞ്ജയ് റാവത്തിനെതിരെ ബിജെപി രംഗത്തെത്തി. രണ്ടു വള്ളത്തില്‍ ചവിട്ടിയുള്ള പ്രയാണം നടക്കില്ലെന്നും ഉദ്ദവ് താക്കറെ രണ്ടിലൊന്ന് ഉടന്‍ തീരുമാനിക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. ഭരണപക്ഷത്തിരുന്നു കൊണ്ട് പ്രതിപക്ഷത്തിനു വേണ്ടി പണിയെടുക്കുന്ന നിലപാട് ശരിയല്ലെന്നും ഫട്നാവിസ് വ്യക്തമാക്കി. സഞ്ജയ് റാവത്ത് ഇന്നലെ നടന്ന ഒരു ചാനല്‍ ചര്‍ച്ചയിലാണ് ബിജെപിയെ ചൊടിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്.
ഗുജറാത്ത് തെരെഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ശിവസേനയുടെ വിഘടിത നിലപാട് ബിജെപിക്ക് തലവേദനയാകും. ഈ സാഹചര്യം മുതലാക്കി തെരെഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശക്തിപ്പെടുത്താനും രാഹുല്‍ ഗാന്ധി നയിക്കുന്ന റാലികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിരിക്കുന്നത്.