തര്‍ക്കങ്ങള്‍ അവസാനിക്കുന്നു; 146 പുതുമുഖങ്ങളുമായി കെപിസിസി പട്ടിക

0
38

ന്യൂഡല്‍ഹി; കേരളത്തിലെ കോണ്‍ഗ്രസ് ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കു പരിഹാരമാകുന്നു. പുതിയ കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് ഉടന്‍ അംഗീകാരം നല്‍കിയേക്കും. 304 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 146 പേര്‍ പുതുമുഖങ്ങളും 52 പേര്‍ 45 വയസ്സിനു താഴെ പ്രായമുള്ളവരുമാണ്. പട്ടിക സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്കെത്തുന്നതിനു മുല്ലപ്പള്ളി രാമചന്ദ്രനും മുകുള്‍ വാസ്‌നിക്കും അവസാനവട്ട ചര്‍ച്ചയിലാണ്.

ഗ്രൂപ്പുകള്‍ തമ്മില്‍ സമവായത്തിനുശേഷം സമര്‍പ്പിച്ച പട്ടികയ്‌ക്കെതിരെ വിവിധ കോണുകളില്‍നിന്നാണ് പരാതി ഉയര്‍ന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മറികടക്കാന്‍ താല്‍പര്യപ്പെടുന്ന രാഹുല്‍ ഗാന്ധിയും നിലപാട് കര്‍ശനമാക്കിയതോടെ പട്ടിക മാറ്റിയെഴുതേണ്ട അവസ്ഥയായി. ഒട്ടേറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ പട്ടികയ്ക്ക് അന്തിമ രൂപമായെന്നാണ് വിവരം. നിലവില്‍ ഐ ഗ്രൂപ്പില്‍നിന്ന് 147 പേരും എ ഗ്രൂപ്പില്‍നിന്ന് 136 പേരുമാണ് പട്ടികയില്‍ ഇടം നേടിയത്. നിഷ്പക്ഷരായി 21 പേരും.

അതേസമയം അവസാന നിമിഷം വരെ തര്‍ക്കത്തിലെത്തിയ പി.സി.വിഷ്ണുനാഥിന്റെ സ്ഥാനം സംബന്ധിച്ച് എന്തു തീരുമാനമാണുണ്ടായതെന്ന് വ്യക്തമായിട്ടില്ല. വിഷ്ണുനാഥിനെ ഉള്‍പ്പെടുത്തരുതെന്ന് കൊടിക്കുന്നില്‍ സുരേഷും ഒഴിവാക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ശക്തമായ നിലപാടെടുത്തിരുന്നു.