തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കിനി ധൈര്യമായിരിക്കാം

0
91

കൊച്ചി: തൊഴിലി‍ടങ്ങളില്‍ സ്ത്രീകള്‍ക്കിനി ധൈര്യമായിരിക്കാം. കേരള ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിലെ പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ തുണിക്കടകളിലെയും മറ്റും പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി ഇരിക്കാം.ഭേദഗതി നിര്‍ദേശങ്ങള്‍ തൊഴില്‍വകുപ്പ് സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇവ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി നല്‍കിയിട്ടുണ്ടെന്ന് തൊഴില്‍മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിനുശേഷം നിയമസഭ പരിഗണിക്കും.അധികം വൈകാതെ ഭേദഗതികള്‍ക്ക് അനുമതിയാകുമെന്ന് അധികൃതര്‍ പറഞ്ഞു.

സ്ത്രീകളുടെ ജോലിസമയത്തില്‍ മാറ്റമുള്‍പ്പെടെയുള്ള ഭേദഗതികളാണ് പ്രധാന മാറ്റത്തിലൊന്ന്. രാത്രി ഏഴുമണിവരെ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാനാണ് നേരത്തേ അനുമതിയുണ്ടായിരുന്നത്. ഇത് ഒന്‍പതുമണിയാക്കി നീട്ടാനാണ് നീക്കം. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ജോലിസാഹചര്യം ഉറപ്പുവരുത്താന്‍ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ടെന്നും പുതുക്കിയ ഭേദഗതിയില്‍ വ്യക്തമാക്കുന്നു. ജോലിസ്ഥലത്തുനിന്നും സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കണം. ആവശ്യമെങ്കില്‍ താമസസൗകര്യവും നല്‍കണം.

ഇരിക്കാനുള്ള അനുമതിയാണ് മറ്റൊരു പ്രധാന ഭേദഗതി. ഇരിപ്പിടമില്ലാതെ ദീര്‍ഘനേരം നിന്ന് ജോലിചെയ്യുന്നതിനാല്‍ ഇവരില്‍ വലിയൊരു ശതമാനം പേരും ചെറുപ്രായത്തില്‍തന്നെ പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇരിക്കാനുള്ള അവകാശത്തിനായി ഏറെ നാളായി ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

മിനിമംവേതനം നല്‍കാത്ത സാഹചര്യങ്ങളില്‍ പരാതിയുയര്‍ന്നാല്‍ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍മാര്‍ക്ക് ഇടപെടാം. പണം ലഭിക്കാനുള്ള സാഹചര്യങ്ങളില്‍ റവന്യൂ റിക്കവറിവഴി അത് വാങ്ങി നല്‍കാനും കഴിയും. ഇത്തരം സാഹചര്യങ്ങളില്‍ ഈടാക്കുന്ന പിഴ ചുരുങ്ങിയത് ഒരുലക്ഷം രൂപയും കൂടിയ തുക അഞ്ചുലക്ഷം രൂപയുമായിരിക്കും.