നടി ആക്രമിക്കപ്പെട്ട കേസ് ; സാക്ഷിയാകില്ലെന്ന് മഞ്ജു വാര്യര്‍

0
330

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയാകണമെന്ന പോലീസിന്റെ ആവശ്യത്തില്‍നിന്ന് മഞ്ജു വാര്യര്‍ ഒഴിവായി. കേസുമായോ തുടര്‍സംഭവങ്ങളുമായോ തനിക്കു യാതൊരു അറിവോ ബന്ധമോ ഇല്ലാത്ത സാഹചര്യത്തില്‍ സാക്ഷിയാകാനില്ലെന്നു മഞ്ജു വാര്യര്‍ മറുപടി നല്‍കിയതായാണു സൂചന.

മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുമെന്നു നേരത്തെ പറഞ്ഞിരുന്നു. രണ്ടുതവണ പോലീസ് മഞ്ജുവില്‍നിന്നു വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു.എന്നാല്‍ സാക്ഷിയാവുന്നതില്‍ നിന്ന് ഇപ്പോള്‍ മഞ്ജു ഒഴിവായിരിക്കുകയാണ്. ഇരുവരുടെയും കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ കേസില്‍ പ്രധാന വിവരങ്ങളാണ്. ഈ വാദങ്ങള്‍ കോടതിയില്‍ നിലനില്‍ക്കണമെങ്കില്‍ മഞ്ജുവിന്റെ മൊഴി അത്യാവശ്യമാണ്.

ദിലീപിന്റെ സ്വഭാവത്തെപ്പറ്റി മഞ്ജുവില്‍നിന്നു മൊഴി ലഭിച്ചാല്‍ കേസില്‍ വലിയ തെളിവാകുമെന്നു പോലീസ് കണക്കുകൂട്ടിയിരുന്നു. എന്നാല്‍, ഒരുതരത്തിലും കേസിന്റെ ഭാഗമാകേണ്ടതില്ലെന്നാണ് മഞ്ജുവിന്റെ തീരുമാനമെന്നറിയുന്നു. അതേസമയം, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും. സഹപ്രവര്‍ത്തകയ്ക്കു നേരിട്ട ദുരവസ്ഥയോടു ശക്തമായി പ്രതികരിക്കുകയും അവര്‍ക്ക് എല്ലാവിധ പിന്തുണ നല്‍കുകയുമാണു താന്‍ ചെയ്യുന്നതെന്നുമാണു നടി വ്യക്തമാക്കിയത്.