നോട്ട് അസാധുവാക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നുവെന്ന് പി ചിദംബരം

0
47

രാജ്‌കോട്ട്: നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കാന്‍ തനിക്കുമേലാണ് സമ്മര്‍ദം വന്നിരുന്നതെങ്കില്‍ താന്‍ ധനമന്ത്രി സ്ഥാനം രാജിവച്ചേനെയെന്ന് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം. നോട്ട് അസാധുവാക്കല്‍ നടപ്പാക്കാന്‍ എന്റെ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നെങ്കില്‍ ആദ്യം ഞാന്‍ എതിര്‍ക്കുമായിരുന്നു. തുടര്‍ന്നും സമ്മര്‍ദം ചെലുത്തിയാല്‍ രാജിവയ്ക്കുന്നതിനും തയാറാകുമായിരുന്നുവെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.

നോട്ട് അസാധുവാക്കലും മുന്നൊരുക്കമില്ലാതെയുള്ള ജിഎസ്ടി നടപ്പാക്കലുമാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ അബദ്ധങ്ങള്‍. നോട്ട് അസാധുവാക്കല്‍ വളരെ മോശം ആശയമായിരുന്നു. ജിഎസ്ടി നല്ല പദ്ധതിയായിരുന്നെങ്കില്‍ അതിന്റെ നടപ്പാക്കല്‍ എടുത്തുചാട്ടമായിരുന്നു. കൂടുതല്‍ ശ്രദ്ധയോടെയും കരുതലോടെയും വേണമായിരുന്നു അത് നടപ്പാക്കേണ്ടിയിരുന്നതെന്നും ചിദംബരം പറഞ്ഞു.