ന്യൂനപക്ഷ സംരക്ഷകരെന്ന  സിപിഎം പ്രചാരണം വേങ്ങര ലീഗ് വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാക്കി: ലീഗ് അന്വേഷണ കമ്മിഷന്‍

0
392

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ന്യൂനപക്ഷ സംരക്ഷകര്‍ എന്ന രീതിയില്‍ സിപിഎം അഴിച്ചുവിട്ട പ്രചണ്ഡപ്രചാരണങ്ങള്‍ വേങ്ങരയില്‍ ലീഗ് വോട്ടു ചോര്‍ച്ചയ്ക്ക് കാരണമായെന്ന് മുസ്ലിംലീഗ് ജില്ലാ കമ്മറ്റിയുടെ റിപ്പോര്‍ട്ട്. വേങ്ങരയില്‍ മുസ്ലിം ലീഗ് ഭൂരിപക്ഷം കുത്തനെ കുറയാനുള്ള കാരണം തേടി ലീഗ് സംസ്ഥാന കമ്മറ്റി നിയോഗിച്ച സമിതിയുടെ പ്രത്യേക റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീലീഗ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തില്‍ കുറവുണ്ടായത് പരിശോധിക്കാന്‍ മുസ്ലീലീഗ് തീരുമാനിച്ചിരുന്നു. മൂന്നു കാരണങ്ങള്‍ ആണ് പ്രധാനമായും വേങ്ങരയില്‍ മുസ്ലിം ലീഗിന്റെ വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായത് ഒന്ന്-ആദ്യം വേങ്ങര മത്സരിച്ച് ജയിച്ചതും, വന്‍ ഭൂരിപക്ഷം നേടിയതും മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടി നേടുന്ന വോട്ടുകള്‍ കെ.എന്‍.എ.ഖാദര്‍ നേടുമെന്ന് പറയാന്‍ കഴിയില്ല. അത് കെ.എന്‍.എ.ഖാദറിന് കഴിഞ്ഞിട്ടുമില്ല.

രണ്ടാമത് ന്യൂനപക്ഷ സംരക്ഷകര്‍ സിപിഎം മാത്രമാണ് എന്ന രീതിയില്‍ സിപിഎം മണ്ഡലത്തില്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടത്തി. ഭൂരിപക്ഷ വര്‍ഗീയതയുടെ ഉദാഹരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി മണ്ഡലം ഇളക്കി മറിച്ച സിപിഎം പ്രചാരണം ഫലം കണ്ടു. ലീഗ് വോട്ടുകള്‍ എല്‍ഡിഎഫിനും സമാഹരിക്കാന്‍ കഴിഞ്ഞു. ഇത് ഭൂരിപക്ഷം കുറയാന്‍ കാരണമായി.

മൂന്നാമത് വേങ്ങര തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ മെഷീനറി പൂര്‍ണ്ണമായും വേങ്ങര പ്രവര്‍ത്തന സജ്ജമാക്കി. വാഗ്ദാനങ്ങള്‍ വിവിധ എംഎല്‍എമാരും, മന്ത്രിമാരും കോരിച്ചൊരിഞ്ഞു. പലവിധ സഹായങ്ങളും വേങ്ങരയിലെ വോട്ടര്‍മാര്‍ക്ക് സിപിഎം നല്‍കി. ഇതും വലിയ രീതിയില്‍ ലീഗ് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി. ഇങ്ങിനെ പ്രധാന മൂന്നു കാരണങ്ങളാണ് വേങ്ങരയിലെ ലീഗ് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി ലീഗ് പ്രത്യേക സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

വേങ്ങരയില്‍ ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയെന്നു ബിജെപി കണ്ടെത്തേണ്ടതുണ്ടെന്നു മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി യു.എ.ലത്തീഫ് 24 കേരളയോടു പറഞ്ഞു. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഇത്തവണ ലഭിച്ചില്ല. ബിജെപി വോട്ടുകള്‍ വന്‍ തോതില്‍ സിപിഎമ്മിന് പോയി. അതാണ്‌ ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ പോലും ലഭിക്കാതിരുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്ര വേങ്ങര വഴി തിരിച്ചു വിട്ടു. ദേശീയ നേതാക്കള്‍ മലപ്പുറത്ത്, വേങ്ങരയില്‍ പ്രചാരണത്തിന്നെത്തി. എന്നിട്ടും ബിജെപിക്ക് വേങ്ങരയില്‍ വോട്ട് കുറഞ്ഞു. ഇത് കാണിക്കുന്നത് ബിജെപി വോട്ടുകള്‍ സിപിഎമ്മിന് പോയി എന്നാണ്. ലത്തീഫ് പറയുന്നു.

വേങ്ങര ഭൂരിപക്ഷം കുറഞ്ഞത് അന്വേഷിക്കുന്ന ലീഗ് പ്രത്യേക അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്  സംസ്ഥാന കമ്മറ്റിക്ക് ലഭിച്ചിട്ടില്ലെന്നു ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്‌ 24 കേരളയോടു പ്രതികരിച്ചു. വേങ്ങരയില്‍ ഭൂരിപക്ഷം കുറഞ്ഞ കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മലപ്പുറം ജില്ലാ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അത് സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്യും. കെ.പി.എ.മജീദ്‌ പറഞ്ഞു.

വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ.എന്‍.എ.ഖാദര്‍ വേങ്ങരയില്‍ വിജയിച്ചത്. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ നേടിയ വോട്ടുകളേക്കാള്‍ 14747 വോട്ടിന്റെ കുറവാണ്  ഇത്തവണ വേങ്ങരയില്‍ മുസ്ലിം ലീഗ് നേരിട്ടത്.