പുതുക്കിയ കെപിസിസി ഭാരവാഹിപ്പട്ടികയും തൃശങ്കുവില്‍; തലപുകഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

0
256

തിരുവനന്തപുരം: പുതുക്കിയ കെപിസിസി ഭാരവാഹിപ്പട്ടികയും തൃശങ്കുവിലായതോടെ കേരളത്തിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രക്രിയ വെള്ളത്തിലായ അവസ്ഥയിലായി. കെപിസിസി ഭാരവാഹിപ്പട്ടികയുടെ പിന്നില്‍ ഗ്രൂപ്പുകളുടെ വീതംവെപ്പാണ്‌ നടക്കുന്നത് എന്നാണു പ്രധാന ആക്ഷേപം. ആദ്യ പട്ടികയെച്ചൊല്ലി നേതാക്കളാണ് ആരോപണവുമായി രംഗത്ത് വന്നതെങ്കില്‍ ഇപ്പോള്‍ ആരോപണവുമായി രംഗത്തുള്ളത് കോണ്‍ഗ്രസ് എംപിമാരാണ്.

തങ്ങളുടെ നോമിനികള്‍ ആരും പട്ടികയില്‍ വന്നില്ലായെന്നാണ് എംപിമാര്‍ ആരോപിച്ചത്. ഈ പരാതിയില്‍ കഴമ്പുണ്ടെന്നു ഹൈക്കമാന്‍ഡ് കൂടി കണ്ടെത്തിയതോടെയാണ് പുതുക്കിയ പട്ടികയും തൃശങ്കുവില്‍ ആയത്. ആറ്റിപ്ര അനില്‍ പട്ടികയില്‍ സ്ഥാനം പിടിച്ചത് പി.സി.ചാക്കോയുടെ നിര്‍ബന്ധം കാരണമാണ്. രണ്ടാമത് ലിസ്റ്റിലാണ് ചാക്കോയുടെ നിര്‍ബന്ധം കാരണം ആറ്റിപ്ര അനില്‍ വന്നത്. കൈമനം പ്രഭാകരനെ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത് ശശി തരൂര്‍ ആണ്. കൈമനം പ്രഭാകരന്‍ പട്ടികയിലുണ്ട്. ഇങ്ങിനെ എംപിമാരും ശക്തമായ നിലപാട് സ്വീകരിച്ച് നോമിനികളെ തിരുകികയറ്റുന്നതായും ആക്ഷേപമുണ്ട്.

എഗ്രൂപ്പും ഐഗ്രൂപ്പും സംയുക്തമായാണ് ആദ്യം പട്ടിക തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ ആദ്യ പട്ടികയില്‍ ഇരുഗ്രൂപ്പുകളുടെയും വീതംവെയ്പ്പ് പൂര്‍ത്തിയായിരുന്നു. ഇതിലെ അപകടം മനസിലാക്കിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായ പരാതിയുമായിപിന്നീട് രംഗത്ത് വന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി പോയതോടെ രാഹുല്‍ അന്വേഷിച്ചു. എഐസിസി മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ലിസ്റ്റ് ആണോ നിലവിലുള്ളത് എന്ന്. പാളിച്ചകള്‍ മനസിലായപ്പോള്‍ ലിസ്റ്റ് പുതുക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ ആവശ്യപ്പെടുകയായിരുന്നു.

ഈ പുതുക്കിയ ലിസ്റ്റിനെച്ചൊല്ലി പരാതികളുടെ പ്രവാഹമാണ് പിന്നീട് കണ്ടത്. വി.എം.സുധീരനാണ് ഈ പട്ടികയെച്ചൊല്ലിയുള്ള ആക്ഷേപവുമായി ആദ്യം രംഗത്ത് വന്നത്. ഒപ്പം കെ.മുരളിധരനും പരാതിയുമായി എത്തി. എംപിമാര്‍ കൂട്ടത്തോടെ പരാതി ഡല്‍ഹിയില്‍ എത്തിക്കുകയും ചെയ്തു. പട്ടികയില്‍ മാറ്റം വരുത്തണമെന്നും ഈ പട്ടിക പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നുമാണ് മുരളിധരന്‍ അറിയിച്ചത്. പട്ടികയില്‍ നിന്ന് പി സി വിഷ്ണുനാഥിനെ ഒഴിവാക്കിയതിനെതിരെ ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി.

പി സി വിഷ്ണുനാഥിനെ ഒഴിവാക്കിയതാണ് ഉമ്മന്‍ചാണ്ടിയെ ചൊടിപ്പിച്ചത്. എഐസിസി സെക്രട്ടറികൂടിയായ വിഷ്ണുനാഥിന്റെ പേര് വന്നില്ലെങ്കില്‍ കടുത്ത നടപടി എന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുള്ളത്. വിഷ്ണു നാഥിന്റെ പേര് വെട്ടിയതിനു പിന്നില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ഇടപെടലാണെന്നാണ് ഉമ്മന്‍ചാണ്ടി ആരോപിക്കുന്നത്. കൊടിക്കുന്നിലിനെതിരെ വിഷ്ണുനാഥ് തന്നെ ആരോപണങ്ങളുമായി രംഗത്ത് വരുകയും ചെയ്തു. ഒപ്പം പട്ടിക അപകടം പിടിച്ചതാണെന്നു പി സി ചാക്കോയും ശശി തരൂരും ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുകയും ചെയ്തു.

ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത പ്രശ്നങ്ങളാണ് ഭാരവാഹിപ്പട്ടികയുമായി ബന്ധപ്പെട്ട് ഉയരുന്നത്. വരുന്ന നവംബര്‍ ആദ്യമാകും കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. .പക്ഷെ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തന്നെ കേരളത്തില്‍ വഴി മുട്ടിയ അവസ്ഥയിലാണ്.

പക്ഷെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ സന്തുഷ്ടരാണ്. പട്ടികയില്‍ വനിതാ പ്രാതിനിധ്യമുണ്ട്. രണ്ടും മൂന്നും വനിതകള്‍ ഉണ്ടായിരുന്ന ഇടത്ത് മുപ്പത് ശതമാനം എന്ന വനിതാ പ്രാതിനിധ്യം വന്നു. 28 വനിതകളോളം പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

പട്ടിക അന്തിമ അംഗീകാരം ആയില്ലെങ്കില്‍ നവംബറില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകിയയില്‍ കെപിസിസിക്ക് ഗാലറിയിലിരുന്നു കളി കാണേണ്ടി വരുമെന്ന് അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ഭീഷണി മുഴക്കിയിട്ടുണ്ട്.