വിട പറഞ്ഞ പുനത്തിലിനെ പ്രമുഖ സിപിഐ നേതാവും മാധ്യമപ്രവര്‍ത്തകനുമായ വി.പി ഉണ്ണികൃഷന് ഓര്‍മിക്കുന്നു…
‘ദൈവം എത്ര നല്ല ഒരു മനുഷ്യനാണ്’ എന്ന് ‘സമൂഹ’മുള്ള സഭയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള കുറിച്ചു. അദ്ദേഹത്തെ അറിഞ്ഞവരും വായിച്ചവരും പറയും കുഞ്ഞബ്ദുള്ള എത്ര നല്ല മനുഷ്യനാണെന്ന്.
എഴുത്തിന്റെ സുവര്ണസ്മാരകങ്ങള് ബാക്കി വച്ചാണ് കുഞ്ഞബ്ദുള്ള വിടവാങ്ങുന്നത്. “രോഗത്തിനും മരണത്തിനുമിടയിലുള്ള ഒരു അവസ്ഥ പോലെ കാലം ആരെയോ കാത്തിരിക്കുന്നു”(ക്ഷേത്രവിളക്കുകള്‍). കുഞ്ഞബ്ദുള്ളയുടെ വാക്കുകള്‍ നക്ഷത്ര കാന്തി പ്രസരിപ്പിച്ചു. ലാളിത്യം, നര്‍മം, രതി കുഞ്ഞബ്ദുള്ളയുടെ കൃതികളില്‍ മാസ്മരിക ഭംഗിയോടെ വിടര്ന്നാടുകയുണ്ടായി. രതിയും കാമവും കപടസദാചാര അതിര്‍വരമ്പുകളെ വെല്ലുവിളിച്ചു കൊണ്ട് അദ്ദേഹം അവതരിപ്പിച്ചു. നാട്ടുവിശേഷങ്ങളിലേക്കും ഗ്രാമീണതയിലേക്കും മിത്തുകളിലേക്കും മലയാളി വായനക്കാരെ അദ്ദേഹം സദാ കൂട്ടിപ്പോകുകയുണ്ടായി. കുഞ്ഞബ്ദയുള്ളയുടെ കഥാപാത്രങ്ങള്‍ക്ക് വടിവൊത്ത ജീവിതശീലങ്ങളുടെയും ആസൂത്രിതസദാചാര സമവാക്യങ്ങളുടെയും കുപ്പായങ്ങള്‍ ചേരുമായിരുന്നില്ല. ജീവിതം കൊണ്ട് ജീവരക്തം കൊണ്ട് സൗരഭ്യമാര്‍ന്ന അക്ഷരങ്ങളെ മാന്ത്രികതയുള്ള വാക്കുകളെ ഒരിക്കലും തകരാത്ത ശിലകളില്‍ മായാതെ കൊത്തിയിട്ടു കുഞ്ഞബ്ദുള്ള. ഭാവനലോകം മാത്രമല്ല അനുഭവങ്ങളുടെ വളക്കൂറുള്ള മണ്ണില്‍ വേരുകള്‍ ആഴ്ത്തിയാണ് കുഞ്ഞബ്ദുള്ള മഹത്തായ കഥാപ്രബന്ധം സൃഷ്ടിച്ചത്. അക്ഷരങ്ങളുടെ അനുപമ സൗന്ദര്യത്തിന്റെ തിരയിളക്കം നിരന്തരം കുഞ്ഞബ്ദുള്ള തന്റെ കൃതികളിലൂടെ സൃഷ്ടിച്ചു കൊണ്ടേയിരുന്നു.
തന്റേതായ ജീവിതദര്‍ശനം കുഞ്ഞബ്ദുള്ളയ്ക്ക് ഉണ്ടായിരുന്നു. അവിടെ വിലക്കുകളും അതിരുകളും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഒരിക്കലും എനിക്കൊരു നിരാശ വന്നിട്ടില്ല എന്നെഴുതിയ കുഞ്ഞബ്ദുള്ള എനിക്ക് അത്യാഗ്രഹമില്ല ജ്ഞാനപീഠം വേണ്ട, നൊബേല്‍ പ്രൈസ് വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. സ്മാരകശിലകളിലെ മുക്രി എന്നും വായനക്കാരെ പിന്തുടര്ന്ന് കൊണ്ടേയിരിക്കും. കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍ എന്ന കഥയെഴുതിയ കുഞ്ഞബ്ദുള്ളയുടെ കഥാപാത്രങ്ങള്‍ക്ക് വടിവൊത്ത ജീവിതശീലങ്ങളുടെയും ആസൂത്രിത സദാചാരസമവാക്യങ്ങളുടെയും കുപ്പായങ്ങള്‍ ചേരുമായിരുന്നില്ല. ‘എന്റെ കാമുകിമാരും മറ്റ് കഥകളും’ എഴുതിയ കുഞ്ഞബ്ദുള്ള കാമുകിമാരുടെയും കാമുകിമാരുടെ മാനോവ്യാപരങ്ങളെയും പ്രണയത്തിന്റെ ജീവിതസത്യങ്ങളെയും വായനക്കാരുടെ മുന്നില്‍ വരച്ചുവച്ചു. കപ്പി, ജീവച്ഛവങ്ങള്‍, ക്ഷേത്രവിളക്കുകള്‍ ഇങ്ങനെ അസാധാരണമായ കഥകളെഴുതിയ കുഞ്ഞബ്ദുള്ള എന്നും ആലംബഹീനരുടെ ശബ്ദമുയര്‍ത്തുകയും ചെയ്തു തന്റെ കൃതികളിലൂടെ. ‘കാത്തിരിക്കുന്ന എന്റെ സഹജരെ ഒരിക്കല്‍ കൂടി ഞാന്‍ നോക്കി. അവശന്മാര്’ (ആമവാതം) സഹജരുടെ പക്ഷത്തായിരുന്നു കുഞ്ഞബ്ദുള്ള. അവരുടെ വേദനകള്‍, നൊമ്പരങ്ങള്‍ തന്റെ എഴുത്തിലൂടെ അദ്ദേഹം പങ്കുവച്ചു.
മലയാള സാഹിത്യത്തില്‍ ആധുനികത കടന്നുവന്നപ്പോള്‍ ഒ.വി വിജയന്, എം.മുകുന്ദന്, കാക്കനാടന്, എം.പി നാരായണപിള്ള, സക്കറിയ എന്നിവരുടെ മുന്‍നിരയില്‍ കുഞ്ഞബ്ദുള്ളയും ഉണ്ടായിരുന്നു. പക്ഷേ ആധുനിക എന്നത് സങ്കീര്‍ണതയുടെയും മനസ്സിലാകായയുടെയും ചട്ടക്കൂടുകള്‍ക്ക് അകത്തുള്ളതാണെന്ന് കുഞ്ഞബ്ദുള്ള വിശ്വസിച്ചിരുന്നില്ല. അദ്ദേഹം ഗ്രാമജീവിതത്തിന്റെയും ഗ്രാമീണരുടെയും ജീവിതസത്യങ്ങളെ ലളിതമായ ഭാഷയിലൂടെ ഇമ്പമാര്‍ന്ന വാക്കുകളിലൂടെ നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചു. എഴുത്തിലെ മാസ്മരികത തെളിയിച്ച എഴുത്തുകാരനായിരുന്നു കുഞ്ഞബ്ദുള്ള. അക്ഷരങ്ങളുടെ അനുപമസൗന്ദര്യത്തിന്റെ തിരയിളക്കം അദ്ദേഹം നിരന്തരം ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. ‘ദുഃഖിതര്‍ക്കൊരു പൂമരം’ എഴുതിയ കുഞ്ഞബ്ദുള്ള മലയാള സാഹിത്യത്തിലെ എന്നും പൂത്തുലഞ്ഞ പൂമരമായിരുന്നു. എഴുത്തില്‍ മാസ്മരികതയുടെ ഇന്ദ്രജാലം സൃഷ്ടിച്ച, എഴുത്തിന്റെ മാസ്മരികത തെളിയിച്ച എഴുത്തുകാരന്. ഇനിയും എത്രയോ നല്കുവാന് കഴിയുന്ന മഹാപ്രതിഭയായിരുന്നു പുനത്തില്‍ പക്ഷേ അദ്ദേഹം അതിനൊന്നും വ്യഗ്രത പെട്ടില്ല. തന്റെ പ്രതിഭയെ അദ്ദേഹം ധൂര്‍ത്തടിച്ച് ആനന്ദിച്ചു. അതിന് അദ്ദേഹം തെല്ലും ഖേദിച്ചതുമില്ല.
പാലക്കാട് ഗ്രാമത്തെയും ഗ്രാമനിവാസികളെയും ആ ഗ്രാമത്തില്‍ എന്നും അവര്‍ താലോലിച്ചിരുന്ന വിത്തുകളെയും മലയാളി വായനക്കാരിലേക്ക് അദ്ദേഹം പകര്‍ന്ന് നല്കി. വായനക്കാര്‍ കുഞ്ഞബ്ദുള്ളയുടെ എഴുത്തിനായി കാത്തിരുന്നു. അതിന്റെ വായനയിലൂടെ അവര്‍ കണ്ണീരില്‍ കുതിരുകയും ആനന്ദത്തിവല് ആറാടുകയും ചെയ്തു. മലമുകളിലെ അബ്ദുള്ള എന്ന കൃതിയെഴുതിയ കുഞ്ഞബ്ദുള്ള മലയാള സാഹിത്യത്തിന്റെ മലമുകളിലെ വലിയ അബ്ദുള്ളയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാവനാപ്രപഞ്ചം മലയാളികളെ കൈ പിടിച്ച് ആനയിച്ച വായനയുടെ വസന്തഭൂമികയിലേക്ക് വീണ്ടുമവരെ കൊണ്ടെത്തിച്ചത് കുഞ്ഞബ്ദുള്ളയായിരുന്നു. ഇനിയും എത്ര എത്ര കഥകള്‍ ബാക്കിവച്ചാണ് കുഞ്ഞബ്ദുള്ള നമ്മോട് വിട പറയുന്നത്. മരുന്നിന് പോലും തികയാത്ത ജീവിതം എന്ന് കുഞ്ഞബ്ദുള്ള എഴുതിയിട്ടുണ്ട്. കുഞ്ഞബ്ദുള്ള കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ നാമോര്‍ത്ത് പോകുന്നു ജീവിതം മരുന്നിന് പോലും തികയുന്നില്ലല്ലോയെന്ന്. തന്റെ പ്രതിഭയുടെ എത്രയോ കുറച്ച് ശതമാനം മാത്രം മലയാളികള്‍ക്ക് നല്‍കിയാണ് അതുല്യപ്രതിഭാശാലിയായ കുഞ്ഞബ്ദുള്ള വിടപറയുന്നത്. കുഞ്ഞബ്ദുള്ള ഭൗതികമായി നമ്മോട് വിട പറഞ്ഞിരിക്കുകയാണ് പക്ഷേ മലയാള സാഹിത്യത്തില്‍ ഒരിക്കലും ഇടിഞ്ഞു വീഴാത്ത സ്മാരകശിലകളില്‍ കൊത്തിവച്ച സുവര്‍ണലിപികള്‍ ബാക്കി വച്ചാണ് മലമുകളിലെ വലിയ കുഞ്ഞബ്ദുള്ള നമ്മോട് വിട പറഞ്ഞിരിക്കുന്നത്.